'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് രാവിലെ 11ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ 'അഷ്ടാദശി പദ്ധതി'യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്കാണ്  ഈ പദ്ധതി നടപ്പിലാക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോട  സംസ്കൃത പ്രചാരണത്തിനായി സർവ്വകലാശാല ആരംഭിച്ച വിവിധ പദ്ധതികളിൽ ഒന്നാണ് 'മാതൃകാവിദ്യാലയ പദ്ധതി'. കേരളത്തിലെ സംസ്കൃതം അറിയാത്ത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും സൗജന്യമായി സംസ്കൃതം പഠിപ്പിക്കുന്ന പദ്ധതിയാണിത്. സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്ന എല്ലാവർക്കും സംസ്കൃതം പഠിക്കുന്നതിന് ഏറ്റവും സമീപത്തുളള മാതൃകാവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുളള സാഹചര്യം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവും നിലനിർത്തുവാനും സംസ്കൃതത്തെ കൂടുതൽ അറിയുവാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംസ്കൃത പ്രചാരണ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച 'മാതൃകാവിദ്യാലയ പദ്ധതി'ക്ക് കേന്ദ്ര സംസ്കൃത സർവ്വകലാശാല 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ 'അഷ്ടാദശി പദ്ധതി'യുടെ ഭാഗമായാണ് 'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'ക്ക് അനുമതി നൽകിയിരിക്കുന്നത്. സംസ്കൃത പ്രചാരണ വിഭാഗം നോഡൽ ഓഫീസർ ഡോ. അജിത്കുമാർ കെ. വി. യും സംസ്കൃത പ്രചാരണ വിഭാഗം എറണാകുളം ജില്ലാ കോർഡിനേറ്റർ ഡോ. വി. കെ. ഭവാനിയും ചേർന്നാണ് , 'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി' കേന്ദ്ര സംസ്കൃത സർവ്വകലാശാലയ്ക്ക് സമർപ്പിച്ചത്. 


നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ പുസ്തകം ‘ആത്മോപദേശശതകം'  പുന:പ്രസിദ്ധീകരിക്കുന്നതിനായി  അഷ്ടാദശി പദ്ധതിയിലൂടെ കേന്ദ്ര സംസ്കൃത സർവ്വകലാശാല 2.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്കൃത പ്രചാരണ പദ്ധതിയുടെ ഇടുക്കി ജില്ല കോ-ഓർ‍ഡിനേറ്ററും സംസ്കൃതം വേദാന്ത വിഭാഗം പ്രൊഫസറുമായ ഡോ. എസ്. ഷീബയാണ് പ്രസ്തുത പദ്ധതി സമർപ്പിച്ചത്. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. ഗോപാലകൃഷ്ണൻ എം. ബി., സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ., റോജി. എം. ജോൺ എം. എൽ. എ., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ഹണി ജി. അലക്സ്, ഡോ. ഭവാനി വി. കെ. എന്നിവർ പ്രസംഗിക്കും. 1996 മുതൽ സംസ്കൃത പഠനത്തിനും വ്യാപനത്തിനുമായി സംസ്ഥാനത്തെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.