ജയിലില്‍ മിന്നല്‍ പരിശോധന; പിടിച്ചെടുത്തത് അരലക്ഷം രൂപ
തടവുകാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന അരലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അരലക്ഷം രൂപ പിടിച്ചെടുത്തു.
തടവുകാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന അരലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വാടനപ്പള്ളി സ്വദേശിയായ സുഹൈലിന്‍റെ കയ്യില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്.
അസിസ്റ്റന്റ് സൂപ്രണ്ടും സംഘവും കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയാണ് പരിശോധന നടത്തിയത്. മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് സുഹൈലെന്ന്‍ പൊലീസ് പറഞ്ഞു.
2000 രൂപയുടെ 25 നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സുഹൃത്തുക്കള്‍ കൈമാറിയ പണമായിരിക്കും സുഹൈലിന്‍റെ കയ്യില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇയാള്‍ ഒരിക്കല്‍ ജയില്‍ ചാടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജോലിക്കായി പുറത്തിറക്കിയ സുഹൈല്‍ പോലീസുകാരെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്.