Sabarimala Makaravilakku: മകരവിളക്കിന് 800 ബസുകൾ റെഡി; ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയെന്ന് കെഎസ്ആർടിസി
Sabarimala Makaravilakku: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി
തിരുവനന്തപുരം : വരാനിരിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളതെന്നും അറിയിച്ചു. മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും.
ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 245 ബസുകൾ നിലവിൽ പമ്പയിലുണ്ട്.
ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 228 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 400 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നതെന്നും കെഎസ്ആർടിസി അറിയിച്ചു. തെക്കൻ മേഖലയിൽ നിന്നുളള ബസുകൾ ഞായർ - തിങ്കൾ ദിവസങ്ങളിലെ സർവീസിൽ ഉൾപ്പെടുത്തി സർവീസ് ആയി 13ന് (തിങ്കൾ) വൈകിട്ട് /രാത്രി പത്തനംതിട്ടയിലും മധ്യ, വടക്കൻ മേഖലയിൽ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് (തിങ്കൾ) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും.
ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്പയിൽ റിപ്പോർട്ട് ചെയ്ത് കൃത്യമായ നിർദ്ദേശം അനുസരിച്ച് പാർക്ക് ചെയ്യും. നിലവിൽ സ്പെഷ്യൽ സെൻ്ററിൽ അടക്കം പൂൾ ചെയ്ത ബസ്സുകൾ ഏതാണ്ട് ഉച്ചയോടെ പമ്പയിൽ സർവ്വീസ് അവസാനിപ്പിക്കുമെന്നും അറിയിപ്പിലുണ്ട്. പോലീസ് നിർദ്ദേശ പ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയിൽ നിന്നും നിലക്കലിൽ നിന്നും ദീർഘദൂര സർവീസുകളും ചെയിൻ സർവിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുൻപ് ഓപ്പറേറ്റ് ചെയ്യുകയുള്ളൂ.
പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് ട്രാഫിക് തടസമില്ലാതെ കൃത്യതയോടെ നിരയായി പാർക്ക് ചെയ്യും. പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ ദീർഘദൂര സർവ്വീസുകളും അയക്കുന്നതാണെന്നും കെഎസ്ആർടിസി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.