തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) രക്താര്‍ബ്ബുദ  ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പെണ്‍കുട്ടി ആലപ്പുഴ സ്വദേശിനിയാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിലും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
പെണ്‍കുട്ടി ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് പെണ്‍കുട്ടിയെ ആര്‍.സി.സിയില്‍ എത്തിച്ചത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു.


ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോതെറാപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോതെറാപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. തുടര്‍ന്നു മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയായിരുന്നു. 


ആര്‍സിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികില്‍സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണു രോഗത്തിനു കാരണമായതെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു. ഇതിനിടെ മാതാപിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 


ഇതിനിടെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.