A.K Antony: മകൻറേത് തെറ്റായ തീരുമാനം, വേദനയുണ്ടാക്കി; വികാരാധീനനായി എ.കെ ആൻറണി
A.K Antony about Anil Antony: ബിജെപിയിൽ ചേർന്ന മകൻ അനിൽ ആൻറണിയുമായി താൻ ചർച്ച നടത്തില്ലെന്ന് എ.കെ ആൻറണി വ്യക്തമാക്കി.
മകൻ അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം തെറ്റായ തീരുമാനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി. അനിൽ ആൻറണി ബിജെപിയിൽ ചേർന്നത് വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അനിൽ ആൻറണിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തില്ലെന്നും മരിക്കുന്നത് വരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എ.കെ ആൻറണി വ്യക്തമാക്കി.
രാജ്യത്തിൻറെ ആണിക്കല്ല് എന്നത് ബഹുസ്വരതയും മതേതരത്വവുമാണെന്ന് എ.കെ ആന്റണി പറഞ്ഞു. ഇവ ദുർബലപ്പെടുത്തുന്ന നയമാണ് ബിജെപിയുടേത്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ നാനാത്വത്തിൽ ഏകത്വമെന്നത് വെറും ഏകത്വമായി മാറി. സാമുദായിക സൌഹാർദ്ദം ശിഥിലമാകുകയാണെന്നും അവസാന ശ്വാസം വരെ ബിജെപിയുടെയും ആർഎസ്എസിൻറെയും വിനാശകരമായ നിലപാടുകൾക്കെതിരെ താൻ ശബ്ദമുയർത്തുമെന്നും എ.കെ ആൻറണി വ്യക്തമാക്കി.
ഇന്ദിരാ ഗാന്ധിയോടും നെഹ്റു കുടുംബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് ആൻറണി സംസാരിച്ചത്. സ്വാതന്ത്ര്യ സമരകാലം മുതൽ ജാതിയോ മതമോ വർഗമോ ഒന്നും നോക്കാതെ എല്ലാവരെയും നെഹ്റു കുടുംബം ഒരുപോലെ കണ്ടു. ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ നെഹ്റു കുടുംബം ഇപ്പോഴും ശ്രമിക്കുകയാണ്. തനിയ്ക്ക് ഇപ്പോൾ 82 വയസായി. എത്ര കാലം ഇനി ജീവിക്കുമെന്ന് അറിയില്ലെന്നും ദീർഘായുസിനോട് താത്പ്പര്യമില്ലെന്നും പറഞ്ഞ അദ്ദേഹം അനിലുമായി ബന്ധപ്പെട്ട് ഇനി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...