അഭയ കേസ്: വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം ആറിലേക്ക് മാറ്റിവെച്ചു.
ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് വിധി പറയുമെന്നാണ് കരുതിയിരുന്നതെങ്കിലും രാവിലെ കേസ് പരിഗണിച്ച ജഡ്ജി വിധി പറയാന്‍ മാറ്റിവെയ്‌ക്കുകയാണന്ന് അറിയിക്കുകയായിരുന്നു.
കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരോപിച്ചിരുന്നു.
ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.