അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം
യുവതിയും മക്കളും കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചി: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. എറണാകുളം പാമ്പാക്കുടയിലാണ് സംഭവം. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
യുവതിയും മക്കളും കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സ്മിതയ്ക്ക് നേരെ ആദ്യം ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് ഇവര്‍ താമസിക്കുന്ന വാടക വീട്ടിന് ആരോ തീയിട്ടു. ഈ സമയം സ്മിതയും കുട്ടികളും സ്ഥലത്ത് ഇല്ലായിരുന്നു. വീട്ടുപകരണങ്ങള്‍ മുഴുവനും കത്തിനശിച്ചു.
ഇതേ ദിവസം തന്നെ രാത്രി സ്മിതയും കുട്ടികളും കിടന്നുറങ്ങിയപ്പോള്‍ വെളുപ്പിന് മൂന്നിമണിയോടെ ജനല്‍വഴി സ്മിതയുടെയും കുട്ടികളുടെയും മുഖത്ത് ആരോ ആസിഡ് ഒഴിച്ചു. ഉടന്‍തന്നെ രാമമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരും രാമമംഗലം വാര്‍ഡ് മെമ്പറും സംഭവസ്ഥലത്തെത്തി.
സ്മിതയെയും കുട്ടികളെയും പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ ഇ.എസ്.ഐ ആശുപത്രയിലെത്തിച്ചു. മെഡിക്കല്‍ കോളെജില്‍നിന്ന് വിദഗ്ധ ഡോക്ടറെത്തിയാണ് കുട്ടികള്‍ക്ക് ചികിത്സ നല്‍കിയത്.
പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും രാമമംഗലം എസ്‌ഐ എബി പറഞ്ഞു.
കുടുംബനാഥന്‍റെ മരണത്തെത്തുടര്‍ന്ന് നിരാലംബരായ കുടുംബത്തിന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എന്‍സിസി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ക്രൂരമായ ഈ ആക്രമണമുണ്ടായത്.