തിരുവനന്തപുരം: സിനിമ സീരിയില്‍ നടനും നാടക സംവിധായകനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ടുവയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ വെച്ച് നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നടനായും സംവിധായകനായും തിളങ്ങിയ ഇദ്ദേഹം ഇതിനോടകം തന്നെ നൂറ് കണക്കിന് വേദികള്‍ പങ്കിട്ടുണ്ട്. നാടകത്തില്‍ മാത്രമല്ല സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.


1986 ല്‍ പി ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്റ് മേല്‍ വിലാസം, ഇവിടെ സ്വര്‍ഗ്ഗമാണ് എന്നീ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


സംസ്ഥാന സര്‍ക്കാരിന്റേയും സംഗീത നാടക അക്കാദമിയുടേയും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്രസംഭാവനയ്ക്കുളള രാമു കാര്യാട്ട് പുരസ്‌കാരത്തിനും കരകുളം ചന്ദ്രന്‍ അര്‍ഹനായിട്ടുണ്ട്.