MT Vasudevan Nair: `എന്റെ എംടി സാർ പോയല്ലോ; മഴ തോർന്നപോലെയുള്ള ഏകന്തതായാണ്`; എംടിയുടെ വിയോഗത്തിൽ മോഹൻലാൽ
MT Vasudevan Nair: ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോയെന്നും അദ്ദേഹം കുറിച്ചു
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് നടൻ മോഹൻലാൽ. മഴ തോർന്നപോലെയുള്ള ഏകന്തതായാണിപ്പോൾ തന്റെ മനസ്സിലെന്നും എംടി സാർ തനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ലെന്നും മോഹൻലാൽ കുറിച്ചു. ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എം.ടി സാർ പോയല്ലോ.
ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. .
എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ? വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?
വേദനയോടെ, പ്രാർഥനകളോടെ...
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി 10നായിരുന്നു എംടി വിടപറഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ മഹത് വ്യക്തി സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അധ്യാപകൻ, പത്രാധിപർ എന്ന നിലകളിലും എംടി പ്രവർത്തിച്ചു. രണ്ട് സിനിമകളിലായി അഞ്ച് ഗാനങ്ങൾക്കും എംടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.