വിജ്ഞാനവേനലിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുകേഷ് കഥകൾ
ആദ്യ സിനിമാ അനുഭവം , ഇഷ്ട കഥാപാത്രം, സിനിമ തുടങ്ങി രാഷ്ട്രീയ പ്രവേശനം വരെയുള്ള , കുട്ടികളുടെ ചോദ്യത്തിന് മുകേഷ് മറുപടി നൽകി
തിരുവനന്തപുരം: ക്യാമ്പിലേക്ക് കടന്നു വന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് കുട്ടിക്കൂട്ടം ഒന്ന് ഞെട്ടി. പിന്നെ ചിരിയും ചിന്തയും ചോദ്യോത്തരങ്ങളുമായി കുറച്ചു സമയം കുട്ടിക്കൂട്ടം ആവേശത്തിന്‍റെ മറ്റൊരു ലോകത്തേക്ക്. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന അവധിക്കാല ക്യാമ്പായ വിജ്ഞാനവേനലിലേക്ക് നടനും എംഎൽഎയുമായ എം. മുകേഷ് സർപ്രൈസ് അതിഥിയായി കടന്നു വന്നു. വെള്ളിത്തിരയിൽ മാത്രം കണ്ടു പരിചയിച്ച മുഖം തൊട്ടടുത്തു വന്നപ്പോൾ കുട്ടികൾക്ക് സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല. കുട്ടികളുമായി മുകേഷിന്‍റെ തനതു ശൈലിയിൽ കഥ പറച്ചിലും ചെറിയ പ്രസംഗവുമായി കുട്ടിക്കൂട്ടത്തെ കൈയിലെടുത്തു.
ആദ്യ സിനിമാ അനുഭവം , ഇഷ്ട കഥാപാത്രം, സിനിമ തുടങ്ങി രാഷ്ട്രീയ പ്രവേശനം വരെയുള്ള , കുട്ടികളുടെ ചോദ്യത്തിന് മുകേഷ് മറുപടി നൽകി. ഇത്തരം സൗഹൃദ കൂട്ടായ്മകൾ എന്നും നിലനിർത്തണമെന്നും ലാഭേഛ കൂടാതെയുള്ള സൗഹൃദങ്ങൾ ജീവിതത്തിന് മുതൽക്കൂട്ടാകുമെന്നും മുകേഷ് കുട്ടികളെ ഉപദേശിച്ചു. സൗഹൃദം ഒരു മാജിക്കാണ്. ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറത്തുള്ള കൂട്ടായ്മകളുടെ വസന്തം നല്ലതു മാത്രം ചിന്തിക്കാൻ മനസിനെ പ്രേരിപ്പിക്കുമെന്നും മുകേഷ് പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനും ഗ്രാന്‍ഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപ് മോഡറേറ്ററായിരുന്നു. കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും സെൽഫിയുമെടുത്ത് ഏറെ സമയം ചെലവിട്ട ശേഷമാണ് മുകേഷ് മടങ്ങിയത്. രാവിലെ ഗണിതം മധുരം എന്ന വിഷയത്തിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ പള്ളിയറ ശ്രീധരൻ ക്ലാസെടുത്തു. നാൽടെർ ഡയറക്റ്റർ സുജിത് എഡ്വിൻ പെരേര , കവി ഗിരീഷ് പുലിയൂർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. തുടർന്ന് വൈകിട്ട് 5.30 ന് മൈമേഴ്സ് ട്രിവാന്‍ഡ്രത്തിന്‍റെ മാന്‍ വിത്തൗട്ട് വുമണ്‍ എന്ന മൂകനാടകം നടന്നു. ഗർഭാവസ്ഥയിൽ മരിച്ചു പോയ പെൺകുഞ്ഞിനെ നഷ്ടമായ അമ്മയുടെ നൊമ്പരങ്ങളായിരുന്നു മാതൃദിനത്തോടനുബന്ധിച്ചു നടന്ന മൂകനാടകത്തിന്‍റെ ഇതിവൃത്തം.
ട്രീവാക്ക് പ്രവർത്തക വീണ മരുതൂർ നയിക്കുന്ന മണ്ണറിഞ്ഞും മരമറിഞ്ഞും, അഡ്വ.ശ്രീകുമാർ നയിക്കുന്ന ആദ്യഭാഷ ആംഗ്യ ഭാഷ, ജനാർദനൻ പുതുശേരി നയിക്കുന്ന നാട്ടുവേനൽ എന്നിവ ഇന്നു (മെയ് 9) നടക്കും. വൈകിട്ട് 5.30 ന് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് രംഗാവതരണവും ഉണ്ടാകും.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന അവധിക്കാല ക്യാമ്പായ വിജ്ഞാനവേനലിൽ എത്തിയ എം എൽ എ . മുകേഷ് കുട്ടികളോടൊപ്പം ഊഞ്ഞാലാടുന്നു.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന അവധിക്കാല ക്യാമ്പായ വിജ്ഞാനവേനലിൽ മാതൃദിനത്തോടനുബന്ധിച്ചു മൈമേഴ്സ് ട്രിവാന്‍ഡ്രം അവതരിപ്പിച്ച മാന്‍ വിത്തൗട്ട് വുമണ്‍ മൂകനാടകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...