Wrestlers protest: `എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ`; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ തോമസ്
Actor Tovino Thomas: ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് നടൻ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നത്.
തിരുവനന്തപുരം: ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് നടൻ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നത്.
'' അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ'' ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.
അതേസമയം, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ രംഗത്തെത്തി. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തണമെന്നും വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ വ്യക്തമാക്കി. 45 ദിവസത്തിനകം ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും താക്കീത് ചെയ്തു.
അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനെ കൂടാതെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐഒസിയും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...