Vinayakan Case Update: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും
പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ഫേസ്ബുക്കിലൂടെ അത്തരത്തിലൊരു വീഡിയോ ചെയ്തതെന്നാണ് വിനായകൻ പോലീസിന് നൽകിയ മൊഴി.
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ലാറ്റിൽ എത്തി എറണാകുളം നോർത്ത് പോലീസ് നടനെ ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ഫോൺ ഉപയോഗിച്ചാണ് വിനായകൻ ഫേസ്ബുക്ക് ലൈവ് ചെയ്തത്.
പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ഫേസ്ബുക്കിലൂടെ അത്തരത്തിലൊരു വീഡിയോ ചെയ്തതെന്നാണ് വിനായകൻ പോലീസിന് നൽകിയ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുക. ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രക്കിടെയാണ് നടന്റെ വിവാധ പരാമർശം ഉണ്ടായത്. തുടർന്ന് വലിയ പ്രതിഷേധങ്ങൾക്ക് ഇത് കാരണമാകുകയും നിരവധി പരാതികളും എത്തിയതോടെയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.
വിനായകനുമേൽ പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പോലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. അതേസമയം വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകൻ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി പിൻവലിക്കാൻ തയാറാണെന്ന് നടൻ പിന്നീട് അറിയിച്ചു.
അതിനിടെ വിനായകനെതിരെ ചലച്ചിത്ര സംഘടനകള്‍ നടപടിക്കൊരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി നിർത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നതെന്നും പോലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...