കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി,നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന് ആവശ്യപെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.പള്‍സര്‍ സുനിയും മറ്റ് രണ്ട് പ്രതികളും ഗൂഡാലോചന നടത്തി,ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി,പണം തട്ടാന്‍ ശ്രമിച്ചു എന്നിവയായിരുന്നു ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നത്.താന്‍ ഇരയും വാദിയുമായ കേസുകളില്‍ ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നും ഇത്തരത്തില്‍ ഒരുമിച്ച് കുറ്റം ചുമത്തി വിചാരണ നടത്തുന്നത് പതിവില്ലാത്തതാണെന്നുമായിരുന്നു ദിലീപിന്‍റെ വാദം.


എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപെടുത്തിയിട്ടില്ലെന്നും നടിയെ ആക്രമിച്ചതിന് ദിലീപ് നല്‍കാം എന്ന് പറഞ്ഞ പ്രതിഫലം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് പ്രോസിക്യുഷന്‍ നിലപാട് സ്വീകരിച്ചത്.വിചാരണ കോടതിക്ക് പറ്റിയ പിഴവാണ് പള്‍സര്‍ സുനിക്കെതിരെ ദിലീപ് ഭീഷണിപെടുത്തിയെന്ന കുറ്റം ചുമത്തിയതെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി,പോലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതാണെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.ഇതേ തുടര്‍ന്നാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയത്.


അതിനിടെ നടി ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന്‍,ബിന്ദുപണിക്കര്‍ എന്നിവരുടെ മൊഴികള്‍ കോടതി രേഖപെടുത്തി.ബിന്ദു പണിക്കര്‍ മോഴിമാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ അന്വേഷണ സംഘത്തിന്‍റെ മുന്‍പാകെ നല്‍കിയ മൊഴി ഓര്‍മ്മയിലെന്ന് ബിന്ദുപണിക്കര്‍ പറഞ്ഞതായാണ് വിവരം.വരും ദിവസങ്ങളില്‍ മൊഴി നല്‍കുന്നതിനായി സിനിമാ താരവും എംഎല്‍എ യുമായ എം മുകേഷ്,സിനിമാ താരം സിദ്ധീഖ് എന്നിവര്‍ ഹാജരാകുമെന്നാണ് വിവരം.അതേസമയം നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മൊഴിനല്‍കാന്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മുകേഷ് അറിയിച്ചതായാണ് വിവരം