കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് കണ്ടെത്തൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശമുള്ളപ്പോഴും വിചാരണ കോടതിയുടെ കൈവശം ഇരിക്കുമ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് സ്ഥിരീകരണം. മെമ്മറി കാർഡ് മൊബൈൽ ഫോണിലും ഇൻസർട്ട് ചെയ്തു. വിചാരണ കോടതിയിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തത് അനുമതിയില്ലാതെയെന്നും എഫ്എസ്എൽ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. സംഭവത്തിൽ വിശദ പരിശോധന വേണമെന്ന ആവശ്യമുന്നയിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോറൻസിക് റിപ്പോ‍ർട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. അതേസമയം, തുടരന്വേഷണത്തിൽ കുറ്റപത്രം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 


Also Read: 'ഫോട്ടോ എടുത്താൽ മാത്രം പോരാ കുഴികളുടെ എണ്ണം കൂടി എടുക്കണം'; കേന്ദ്രമന്ത്രിമാർക്കെതിരെ മുഹമ്മദ് റിയാസ്


മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി നി‍ർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. ഏഴ്  ദിവസത്തിനകം സംസ്ഥാന ഫൊറൻസിക് ലാബിലെ പരിശോധനാഫലം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടത് സീൽ വച്ച കവറിലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.  


അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സുനി മാത്രമാണ് ജയിലുള്ളത്. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ ജയിലിൽ നിന്ന് പുറത്തിറങ്ങിയെന്നും അതിനാല്‍ ജാമ്യം നൽകണമെന്നുമായിരുന്നു ജാമ്യാപേക്ഷയിലുണ്ടായിരുന്നത്. എന്നാൽ പൾസർ സുനിയുടെ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നും കേസിലെ പ്രധാന പ്രതിയായ ഇയാൾക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് കണക്കിലെടുത്ത കോടതി അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യം നിഷേധിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.