കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷി. പ്രദാന സാക്ഷികളിലൊരാളായി കരുതുന്ന മഞ്ജുവിന്‍റെ മൊഴി നിര്‍ണായകമാണ്. ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മഞ്ജു വാര്യര്‍ അടക്കം സിനിമ മേഖലയില്‍ നിന്ന് അന്‍പതോളം സാക്ഷികളുണ്ട്. ദിലീപ് എട്ടാം പ്രതിയായി സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ 14 പ്രതികളാണ് ആകെയുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. 


നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് കുറ്റപുത്രത്തില്‍ പറയുന്നു. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അക്രമിക്കപ്പെട്ട നടി മഞ്ജു വാരിയർക്കു നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിനാല്‍ മഞ്ജുവിന്‍റെ മൊഴി നിര്‍ണായകമാണ്. 


സംഭവത്തില്‍ ഗൂഢാലോചന നടന്നതായി ആദ്യം ആരോപിച്ചതും മഞ്ജു വാര്യര്‍ ആയിരുന്നു. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്മ നടത്തിയ ചടങ്ങില്‍ വച്ചായിരുന്നു മഞ്ജു ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന്, നടിക്ക് പിന്തുണയുമായി സിനിമമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിലും മഞ്ജുവിന്‍റെ പങ്ക് വലുതായിരുന്നു. 


എന്നാല്‍ കേസില്‍ സാക്ഷിയാകുന്നതിന് മഞ്ജു ആദ്യം വിമുഖത കാണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തി എ.ഡി.ജി.പി. ബി. സന്ധ്യയാണ് മൊഴിയെടുത്തത്. 


പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അക്രമിക്കപ്പെട്ട നടിയാണ് ഒന്നാം സാക്ഷി. മഞ്ജു വാര്യര്‍ 11-ാം സാക്ഷിയും ദിലീപിന്‍റെ ഭാര്യ കാവ്യ മാധവന്‍ 34-ാം സാക്ഷിയുമാണ്. നടൻ‌ സിദ്ധിഖ് 13–ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57–ാം സാക്ഷിയുമാണ്. കേസില്‍ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.