`കാവ്യ മാധവനെ ചോദ്യം ചെയ്യണം`; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പ്രതികൾ പല തവണ കണ്ടുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുരാജിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് അന്വേഷണ സംഘത്തിന് പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിലവിൽ കാവ്യ മാധവൻ ചെന്നൈയിൽ ആണുള്ളത്. അന്വേഷണസംഘത്തോട് അടുത്ത ആഴ്ച തിരിച്ചെത്തുമെന്നാണ് കാവ്യാമാധവൻ അറിയിച്ചിട്ടുള്ളത്. ചെന്നൈയിൽ നിന്നെത്തിയാൽ ഉടൻ കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പ്രതികൾ പല തവണ കണ്ടുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ തെളിവായി സുരാജിന്റെ ഫോണിൽ നിന്നും ദിലീപും അഭിഭാഷകനും നടത്തിയ സംഭാഷണം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സുരാജ്, അനൂപ് എന്നിവരെയും തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഡിജിറ്റൽ തെളിവുകളുടെ വിശദമായ പരിശോധന ആവശ്യമാണന്നും അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസന്വേഷണം നിർണായകഘട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ പതിനഞ്ചിനകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...