ന്യുഡൽഹി:  നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ  സമീപിച്ചു.  കോറോണയും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയെ അറിയിച്ചത്.  അതുകൊണ്ടാണ് സമയം നീട്ടി നൽകണമെന്ന് ജഡ്ജിയുടെ ആവശ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജഡ്ജിയുടെ ഈ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ നേതൃത്വം  നൽകുന്ന  മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.  നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അന്തിമ വിചാരണ ആരംഭിക്കുന്നത് താമസം നേരിടേണ്ടിവന്നു. 


Also read: സംസ്ഥാനത്ത് ഇതാദ്യം; പൊലീസ് ഉദ്യോഗസ്ഥൻ കോറോണ ബാധിച്ച് മരണമടഞ്ഞു


ഇതിനിടെ വിചാരണ നടപടികള്‍ മെയ് 29 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി ഏപ്രില്‍ 30 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഹൈക്കോടതിക്ക് കത്ത് നല്‍കി. ഈ കത്ത് മെയ് 11 ന് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ സുപ്രീംകോടതിക്ക് കൈമാറി.


ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ വിചാരണ പൂർത്തിയാക്കാൻ നവംബർ വരെ സമയം ലഭിക്കും.  ഇപ്പോൾ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇനി റീ എക്‌സാമിനേഷന്‍ നടക്കേണ്ടതുണ്ട്.