Mallika Sukumaran: രോഗനിർണയവും ചികിത്സയും നിർണായകം; കാൻസർ അവബോധം പ്രധാനപ്പെട്ടതെന്ന് മല്ലിക സുകുമാരൻ
Actress Mallika Sukumaran: മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും എല്ലാം ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗനിർണയവും വൈദ്യപരിശോധന നടത്തുന്നതിന് സ്ത്രീകൾ വൈമുഖ്യം കാട്ടുന്ന പ്രവണതയും ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരൻ.
തിരുവനന്തപുരം: സ്തനാർബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടെത്തിയാൽ ഭേദമാക്കാവുന്ന തരത്തിൽ നമ്മുടെ ആരോഗ്യ മേഖല വളർന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും എല്ലാം ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗനിർണയവും വൈദ്യപരിശോധന നടത്തുന്നതിന് സ്ത്രീകൾ വൈമുഖ്യം കാട്ടുന്ന പ്രവണതയും ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരൻ. സ്തനാർബുദ അവബോധത്തിന്റെ ഭാഗമായി എസ്പി മെഡിഫോർട്ടിലെ കാൻസർ വിഭാഗം ഡോക്ടർമാർ ചേർന്നെഴുതിയ ‘സ്തനാർബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മല്ലിക സുകുമാരൻ നിർവഹിച്ചു.
ഇന്ത്യയിൽ സ്തനാർബുദ രോഗികളുടെ എണ്ണത്തിൽ കേരളം മുന്നിലാണ്. സ്ത്രീകൾക്കുണ്ടാകുന്ന കാൻസറുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്തനാർബുദമാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനും രോഗത്തെക്കുറിച്ചുള്ള ഡാറ്റബേസ് ഉണ്ടാക്കുന്നതിനും സർക്കാരും സ്വകാര്യ ആശുപത്രികളും ചേർന്ന് ശ്രമിക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
ഡോക്ടർമാരായ കെ ചന്ദ്രമോഹൻ, ബോബൻ തോമസ്, അജയ് ശ്രീധർ, ടീന നെൽസൺ എന്നിവർ ചേർന്നാണ് ‘സ്തനാർബുദം- അറിയേണ്ടതെല്ലാം’ എന്ന പുസ്തകം രചിച്ചത്. സ്തനാർബുദരോഗികളുടെ എണ്ണത്തിലെ വർദ്ധനവ് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം നൽകുന്നതിനുള്ള എല്ലാ ശ്രമവും എസ്പി മെഡിഫോർട്ട് ചെയ്യുമെന്നും ചെയർമാൻ എസ്പി അശോകൻ പറഞ്ഞു.
ALSO READ: തുടർച്ചയായി വായിൽ പുണ്ണ് വരുന്നുണ്ടോ? സൂക്ഷിക്കുക, വായിലെ ക്യാൻസർ സാധ്യതയേറെയാണ്
കാൻസർ വന്നാൽ പിന്നെ ഒരു തിരിച്ചുവരവ് ഇല്ല എന്ന് ധരിക്കാതെ, ആരംഭത്തിൽ തന്നെ രോഗത്തെ കണ്ടെത്തി അതിനെതിരെ പോരാടാനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് ജോയിന്റ് ചെയർമാൻ എസ്പി സുബ്രമണ്യൻ പറഞ്ഞു. എസ്പി മെഡിഫോർട്ടിൽ ആദ്യമായി ആരംഭിച്ച ഡിപ്പാർട്മെന്റ് കൂടിയാണ് ഓങ്കോളജി വിഭാഗം. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്തനാർബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ്പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് ആരംഭിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ ക്യാമ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒപ്പം തന്നെ, അർബുദത്തെ അതിജീവിച്ചവരുടെ എസ്പി മെഡിഫോർട്ട് കൂട്ടായ്മയായ ‘കാൻസർ വാരിയേഴ്‌സ്’ ഫലപ്രദമായി രോഗികൾക്കിടയിൽ അർബുദരോഗത്തെക്കുറിച്ച് അവബോധവും പ്രചാരണവും നടത്തി വരുന്നു.
എസ്പി മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. ആദിത്യ, അദ്വൈത് എ ബാല, ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. കെ ചന്ദ്രമോഹൻ, ഡോ ബോബൻ തോമസ്, ഡോ. അജയ് ശ്രീധർ, ഡോ. ടീന നെൽസൺ എന്നിവരും മെഡിക്കൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.