മധുവിന്‍റെ കൊലപാതകം: എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം, കുറ്റപത്രം രണ്ടാഴ്ചക്കകം
മധുവിനെ മുക്കാലി വനഭാഗത്തുള്ള ഗുഹയില്‍നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദ്ദിച്ചവരെയാകും കൊലക്കുറ്റത്തിന് പ്രതികളാക്കുക.
അഗളി: ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിക്കും. കേസില്‍ അറസ്റ്റിലായ 16 പേരില്‍ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്.
മധുവിനെ മുക്കാലി വനഭാഗത്തുള്ള ഗുഹയില്‍നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദ്ദിച്ചവരെയാകും കൊലക്കുറ്റത്തിന് പ്രതികളാക്കുക.
മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അഞ്ചു മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനഫലം ഒരാഴ്ചക്കുള്ളില്‍ ലഭിക്കും. അതിന് ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.
കേസില്‍ അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ധിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് മധുവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇവരില്‍ മേച്ചേരിയില്‍ ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ ചവുട്ടിയിരുന്നു. ഇതാണ് മരണകാരണമായതെന്ന് പൊലീസ് പറയുന്നു.
ബാക്കി അറസ്റ്റിലായ പ്രതികള്‍ മധുവിനെ മര്‍ദ്ദിച്ചിട്ടില്ല. എന്നാല്‍, മര്‍ദ്ദിച്ചവര്‍ക്കൊപ്പം സംഘം ചേര്‍ന്ന് വനത്തില്‍ പോയതായും മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇവര്‍ക്കെതിരെ പട്ടികവര്‍ഗപീഡന നിരോധനനിയമം, അനധികൃമായി വനമേഖലയില്‍ പ്രവേശിക്കല്‍ എന്നീ നിയമങ്ങള്‍ അനുസരിച്ചായിരിക്കും കുറ്റം ചുമത്തുക.