കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഒക്ടോബർ 29 ന് കേസിൽ കോടതി വിധി പറയും. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജി വിധി പറയാൻ മാറ്റിയത്. മണിക്കൂറുകളോളം വാദം നീണ്ടുനിന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രോസിക്യൂഷന്റെ വാദം:


ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി. ഭീഷണി സ്വരത്തിലായിരുന്നു ദിവ്യയുടെ പ്രസംഗം. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണെന്നും ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 


സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കി. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.


Also Read: ADM Naveen Babu Death: 'പ്രതികരണം അഴിമതിക്കെതിരായ സന്ദേശം, അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നു'; വാദങ്ങൾ നിരത്തി പിപി ദിവ്യ


 


പ്രതിഭാഗം വാദത്തിലെ പ്രസക്തഭാഗങ്ങളിങ്ങനെ:


ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ് ദിവ്യ. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ആളും അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്തിയുമാണ്. അതിന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പൊതുജനം ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയോട് പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതു പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. 


അഴിമതിക്കെതിരെ പ്രവർത്തിക്കുക എന്നത് ഉത്തരവാദിത്വമാണെന്നും 40 കൊല്ലമായി എന്റെ പാർട്ടി നേതാക്കളിൽ നിന്നും അതാണ് പഠിച്ചതെന്നും ദിവ്യ കോടതിയിൽ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണത ഉണ്ട്. ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്. പരാതി ലഭിച്ചാൽ മിണ്ടാതിരിക്കണോ എന്നും ദിവ്യ ചോദിച്ചു.  


മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അവരുടെ അജണ്ട ഉണ്ട്. ഗംഗധാരൻ എന്നയാളും പരാതി നൽകിയിരുന്നു. എഡിഎം നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നുവെന്നും ദിവ്യ കോടതിയിൽ വെളിപ്പെടുത്തി. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഗംഗാധരൻ പരാതി നൽകിയത്. യഥാർത്ഥത്തിൽ പരാതി പരിഗണിക്കേണ്ടത് ഡെപ്യൂട്ടി കളക്ടർ ആയിരുന്നു. പക്ഷെ തന്റെ പരിധിയിൽ അല്ലാത്ത കാര്യത്തിൽ എഡിഎം ഇടപെട്ടു. എഴുതി നൽകിയതല്ലാതെ എഡിഎമ്മിനെക്കുറിച്ച് നേരിട്ട് പറഞ്ഞ പരാതികളും ഉണ്ട്.


പ്രശാന്ത് പരാതി നൽകിയതിന് പിറകെ എഡിഎമ്മിനെ ബന്ധപ്പെട്ടുവെന്നും എൻഒസി വേ​ഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എഡിഎം നടപടി എടുത്തില്ല. പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. ഇതിൽ ഇടപെടണ്ടേ എന്ന് ദിവ്യ ചോദിച്ചു. അഴിമതിക്കെതിരായാണ് ദിവ്യ ഇടപെട്ടതെന്നും പ്രതിഭാ​ഗം വാദത്തിൽ പറയുന്നു.


ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ വച്ചു കളക്ടറെ കണ്ടപ്പോഴാണ് കളക്ടർ അനൗപചാരികമായി യാത്ര അയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. യാത്രയയപ്പ് ഉണ്ട്, അതിൽ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. തുടർന്ന് കളക്ടറെ ഫോണിൽ വിളിച്ചു പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടറാണ് യോ​ഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത്. അഴിമതിക്ക് എതിരെയാണ് അവിടെ സംസാരിച്ചത്. മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസം​ഗിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസകളും നേർന്നു. എഡിഎം പണ്ടുമുതലേ പ്രശ്നക്കാരനാണ് എന്ന് പറഞ്ഞിട്ടില്ല. ഒരു അനുഭവം, പരാതി ആണ് 
അവിടെ ഉന്നയിച്ചത്. 


എൻഒസി നൽകാൻ ബുദ്ധിമുട്ട് ഇല്ലങ്കിൽ സ്ഥലം സന്ദർശിക്കണം എന്നാണ് പറഞ്ഞത്. എഡിഎം പോകുന്ന ദിവസമാണ് എൻഒസി കിട്ടിയെന്ന് അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി പോകുന്ന ഇടത്ത് ആകരുത് എന്നാണ് പറഞ്ഞത്. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ എന്നായിരുന്നു ദിവ്യ ചോദിച്ചു. മറ്റൊരു സാധ്യത ഇല്ലാത്ത വിധം ഒരാൾ ആത്മഹത്യ ചെയ്യുന്നതിന് കാരണമായാലേ ആത്മഹത്യ പ്രേരണ കുറ്റം നിൽക്കൂ. ആത്മഹത്യ പ്രേരണകുറ്റം നിലനിൽക്കില്ലെന്ന വാദം കോടതിയിൽ ദിവ്യ ആവർത്തിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.