കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി
അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഡൽഹി ജന്ദർമന്ദരിൽ സത്യഗ്രഹ സമരം നടത്തുകയാണ്
സേനയിൽ കാലാനുസൃതമായ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി പ്രഗതി മൈതാൻ പുനർവികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. 920 കോടിയിലധികം രൂപ ചെലവിലാണ് സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി നിർമ്മിച്ചത്.
എന്നാൽ അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഡൽഹി ജന്ദർമന്ദരിൽ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിൻറെ ട്വീറ്റിൽ വ്യക്തമാക്കുന്നു.
അതേസമയം പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍. കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ പ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
വ്യോമസേനയില്‍ അഗ്നിവീരന്മാരെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 24ന് ആരംഭിക്കും. ജൂലൈ 24നായിരിക്കും ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കുന്നത്. ഡിസംബറില്‍ അഗ്നിവീരന്മാരുടെ പരിശീലനം ആരംഭിക്കുന്ന തരത്തിലാണ് നിയമനപ്രക്രിയ നടത്തുക. ഡിസംബര്‍ 30ന് പരിശീലനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.
നാവികസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീരന്മാരുടെ പരിശീലനം നവംബര്‍ 21ന് ആരംഭിക്കും. നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 25ന് പുറപ്പെടുവിക്കും. ഒരു മാസത്തിനുള്ളില്‍ നിയമനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരീക്ഷ നടത്തും.അഗ്നിപഥ് വഴി നാവികസേനയില്‍ വനിതകള്‍ക്കും നിയമനം നല്‍കും. സെയിലര്‍മാരായാണ് നിയമനം നല്‍കുക.
കരസേനയില്‍ അഗ്നിവീരന്മാര്‍ക്ക് രണ്ടു ബാച്ചുകളിലായാണ് പരിശീലനം നല്‍കുക. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി പരിശീലനം നല്‍കാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു. സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കാനാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...