തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യ൦ ലഭിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. നികുതി-എക്സൈസ് വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

സര്‍ക്കാര്‍ ഡോക്ടറുടെ പക്കല്‍ നിന്നും വാങ്ങിയ കുറിപ്പടി എക്സൈസ് ഓഫീസിലാണ് നല്‍കേണ്ടത്.  അവിടെ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് ആര്‍ക്കും മദ്യം വാങ്ങാവുന്നതാണ്. എന്നാല്‍, ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ പാസുകള്‍ ലഭിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മദ്യ ലഭ്യമാക്കാന്‍ സര്‍ക്കാരിന്‍റെ മുന്നില്‍ ഈയൊരു മാര്‍ഗം മാത്രമാണുള്ളത്. മദ്യം ലഭിക്കാതെ ആത്മഹത്യകള്‍ ഏറി വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. 

 


 

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലും നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം ലഭ്യമാക്കില്ല. മദ്യാസക്തിയുള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ നിന്നും കുറിപ്പടി വാങ്ങി എക്സൈഡ് ഓഫീസിലെത്തണ൦. പരിശോധിക്കുന്ന ഡോക്ടറുടെ പക്കല്‍ നിന്നും 'Alchohol withdrawal -Sy/100011' പ്രകടിപ്പിക്കുന്നുവെന്ന് ബോധിപ്പിക്കുന്ന രേഖയാണ് വാങ്ങേണ്ടത്. 

 


 

എക്സൈസ് ഓഫീസര്‍ക്ക് മുന്നില്‍ ഈ കുറിപ്പിനൊപ്പം ഏതെങ്കിലും ഐഡി കാര്‍ഡു൦ സമര്‍പ്പിക്കേണ്ടതാണ്.  ഇവിടെ നിന്നും മദ്യം വിതരണം ചെയ്യുന്നതിനുള്ള പാസ് ലഭ്യമാകും. ഈ പാസുള്ള വ്യക്തിയ്ക്ക് നിശ്ചിത അളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ നടപടി സ്വീകരിക്കണം.