കോഴിക്കോട്: കോഴിക്കോട് വനമേഖലയോട് ചേര്‍ന്നുള്ള ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം. വീടുകളില്‍ വെള്ളം കയറിയതിനാല്‍ മുപ്പതോളം കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മറിപ്പുഴ വനമേഖലയിലാണ് വൈകുന്നേരം ആറുമണിയോടെ ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ മേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.


കോഴിക്കോടിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴ പെയ്യുകയാണ്. ഇരവിഞ്ഞിപ്പുഴയിലും ചാലിയാര്‍ പുഴയിലും വന്‍തോതില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. തിരുവമ്പാടി മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. 


അതേസമയം പൊലീസിന്റെയും അഗ്നിശമനസേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയിലെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി ജില്ലാ കളക്ടര്‍ യു. വി ജോസ് അറിയിച്ചു.