കൊച്ചി: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബ്, താഹ എന്നിവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. 


പ്രതികളെ ഒരാഴ്ചത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എത്ര ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിടുമെന്ന് നാളെ കോടതി വ്യക്തമാക്കുമെന്നാണ് വിവരം. 


ഇതിനിടയില്‍ അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സന്ദര്‍ശിച്ചു. രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്. യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം ചെന്നിത്തല അറിയിച്ചു.


UAPA ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ലയെന്നും എന്നാല്‍ ഈ കേസ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണ് എന്‍ഐഎ ഏറ്റെടുത്തതെന്നും ചെന്നിത്തല ആരോപിച്ചു. മാത്രമല്ല ഇവര്‍ മാവോയിസ്റ്റുകളെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.


അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാന്‍ ഗവ.ബ്രണ്ണന്‍ കോളേജിലെ ഒരു വിഭാഗം അധ്യാപകര്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.