Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും മസ്തിഷകജ്വരം; രോഗം ബാധിച്ചത് പത്ത് വയസുകാരന്
കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊല്ലത്ത് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനിയും തലവേദനയെയും തുടർന്ന് കുട്ടിയെ കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി ഞായറാഴ്ച തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തുടർച്ചയായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (Amoebic Meningoencephalitis) തലച്ചോറിനെയും മസ്തിഷ്‌കത്തെയും ബാധിക്കുന്ന മാരക രോഗമാണ്. ഇത് വളരെ അപൂർവ്വമായാണ് കാണപ്പെടുന്നത്. മസ്തിഷ്ക ജ്വരത്തിന് കാരണമാവുന്നത് നെഗ്ലേരിയ ഫൗളേരി എന്ന അമീബയാണ്. നീന്തല്‍, ഡൈവിംഗ്, വാട്ടര്‍ സ്‌കീയിംഗ് പോലുള്ള വെള്ളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ മലിനമായ ജലം മൂക്കില്‍ പ്രവേശിക്കുമ്പോഴോ അണുബാധ ഉള്ള പൊടി ശ്വസിക്കുമ്പോഴോ ആണ് രോഗം ബാധിക്കുന്നത്. വേനല്‍ക്കാലത്താണ് ഈ അസുഖം പ്രധാനമായും പകരുന്നത്.
ഇളം ചൂടുള്ള ശുദ്ധജലത്തിലാണ് ഈ അമീബ പൊതുവേ കണ്ടു വരുന്നത്. സ്വിമ്മിങ് പൂളുകള്‍, കുളങ്ങള്‍ എന്നിവടങ്ങളില്‍ ഇവ ഉണ്ടായിരിക്കാം. വെള്ളം കുടിക്കുന്നതിലൂടെ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ അമീബയുള്ള വെള്ളം മൂക്കില്‍ കടന്നാല്‍ മൂക്കിലെ അസ്ഥികള്‍ക്കിടയിലുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്ത് പ്രവേശിക്കുന്നു.
ഒരാളില്‍ നിന്ന് വേറൊരാളിലേക്ക് ഈ രോഗം പകരില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ അണുബാധയുടെ മരണനിരക്ക് 97 ശതമാനത്തെക്കാള്‍ കൂടുതലാണ്. മസ്തിഷ്ക ജ്വരത്തിന് പ്രത്യേക ചികിത്സാ രീതികളില്ല. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാവും. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം,ഓര്‍മ കുറവ് തുടങ്ങിയവ സംഭവിക്കാം.
ലക്ഷണങ്ങള്‍
കടുത്ത പനി
കഴുത്തിൻ്റെ പിൻഭാഗത്ത് വേദന
അസഹ്യമായ തലവേദന
ആസ്ത്മ
ഓക്കാനം, ഛര്‍ദി
വിറയല്‍
ആശയകുഴപ്പം, ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍
മുന്‍കരുതലുകള്‍
വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക
കുളങ്ങള്‍, കിണറുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക
ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറുന്നത് ഒഴിവാക്കുക
സ്വിമ്മിങ് പൂളിലെ വെള്ളം കൃത്യമായി മാറ്റുക
പുഴകളിലോ കുളങ്ങളിലോ നീന്തുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കുക
ജലാശയങ്ങളില്‍ നീന്തുമ്പോള്‍ കഴിവതും തല പൊക്കിപിടിച്ച് നീന്തുക
ടാപ്പിലെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോൾ വെള്ളം മൂക്കില്‍ കയറാതിരിക്കാന്‍ ശ്രദ്ധിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.