നാല് പതിറ്റാണ്ടുകളായി തലയെടുപ്പോടെ അനന്തപുരിയുടെ സ്വന്തം മാവേലി കഫേ
ഒറ്റക്കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്നതിനാൽ ഉത്തരേന്ത്യൻ വിദ്യാർഥികളടക്കമുള്ള പലരും കെട്ടിടത്തിന്റെ വാസ്തുവിദ്യയെ പറ്റി ഹോട്ടലിലെ ജീവനക്കാരോട് ചോദിച്ചറിയാറുണ്ട്.
അനന്തപുരിയുടെ പ്രിയപ്പെട്ട ഹോട്ടലാണ് തമ്പാനൂരിലുള്ള ഇൻഡ്യൻ കോഫീ ഹൗസ്. നാല് പതിറ്റാണ്ടുകളായി രൂപകൽപ്പനയുടെയും ഭക്ഷണത്തിന്റെയും സവിശേഷത കൊണ്ട് ആളുകളെ ആകർഷിക്കുകയാണ് ഈ കോഫീഹൗസ്. ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ ഏതൊരാൾക്കും പെട്ടെന്ന് മനസിലാവുന്ന ബേക്കർ മോഡൽ കെട്ടിടങ്ങളുടെ ട്രേഡ് മാർക്കാണ് തമ്പാനൂരിലുള്ള കോഫീഹൗസിനും ഉള്ളത്. പണ്ട് മാവേലി കഫേ എന്നാണ് ഈ കോഫീഹൗസ് അറിയപ്പെട്ടിരുന്നത്. കത്തുന്ന ചൂടിലും അതിനുള്ളിൽ കയറിയാൽ നല്ല തണുപ്പാണ്. ശീതീകരിക്കാൻ എയർകണ്ടീഷനില്ലെങ്കിലും തണുപ്പും കുളിർമയും നിലനിർത്തുന്നത് ബേക്കർ മോഡൽ കെട്ടിടത്തിന്‍റെ സവിശേഷത തന്നെയാണ്. വായുവും വെളിച്ചവും പ്രവേശിക്കാൻ ഭിത്തികളിൽ സുഷിരങ്ങളുണ്ട്.
ഒറ്റക്കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്നതിനാൽ ഉത്തരേന്ത്യൻ വിദ്യാർഥികളടക്കമുള്ള പലരും കെട്ടിടത്തിന്റെ വാസ്തുവിദ്യയെ പറ്റി ഹോട്ടലിലെ ജീവനക്കാരോട് ചോദിച്ചറിയാറുണ്ട്. ചുടുകട്ടയിൽ തീർത്ത സിലിണ്ടർ ആകൃതിയിലുള്ള കെട്ടിടത്തിന്റെ രൂപകൽപ്പനെയെ പറ്റിയും നിർമ്മാണരീതിയെ പറ്റിയുമൊക്കെയാണ് അവർക്കറിയേണ്ടത്. തിരക്കേറിയ നഗരപ്രദേശത്തിന് നടുവിലുള്ള വളരെ ചെറിയ ഒരു സ്ഥലത്ത് ബേക്കർ നടത്തിയ സമർത്ഥമായ പരീക്ഷണമാണ് കോഫീഹൗസ്.
സ്ഥിരമായി ഇവിടെ എത്താറുള്ള എല്ലാ ആളുകൾക്കും കോഫീഹൗസ് കെട്ടിടത്തോടും ഇവിടുത്തെ ഭക്ഷണത്തോടും പ്രത്യേക ഇഷ്ടം തന്നെയാണ്. തിരക്കേറിയ നഗരത്തിൽ പലർക്കും ശാന്തതയും സമാധാനവും ഒക്കെ ലഭിക്കുന്ന ഒരു ഇടം കൂടിയാണ് കോഫീഹൗസ്. എല്ലാവരുടേയും മനം നിറച്ചും വയർനിറച്ചും നാല് പതിറ്റാണ്ടുകളായി തല എടുപ്പോടെ നഗര മധ്യത്തിൽ നിലകൊള്ളുകയാണ് തലസ്ഥാനത്തിന്‍റെ മുഖമുദ്രയായ ഈ സ്ഥാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA