കോട്ടയം:  പരീക്ഷാ ഹാളില്‍ നിന്ന് കാണാതായ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ബിരുദ വിദ്യാര്‍ത്ഥിനി അഞ്ജു ഷാജിയുടെ മൃതദേഹം സംസ്കരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും കനത്ത  പ്രതിഷേധം  നടത്തിയിരുന്നു. 
പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്നിവരെത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്  പ്രതിഷേധം അവസാനിച്ചത്‌.  


അതിനിടെ അഞ്ജു ഷാജിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയാണ് കേസ്  അന്വേഷിക്കുക. കുട്ടിയുടെ മരണം  സംബന്ധിച്ച്‌ കുടുംബം ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചത്.  


കൂടാതെ. അഞ്ജുവിന്‍റെ  കയ്യക്ഷരവും ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരവുമായി ഒത്തുനോക്കും. ഇതിനായി വിദഗ്ദ സഹായം തേടും. കോളേജ് അധികൃതര്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശേധന നടത്തുമെന്നും എസ്.പി വ്യക്തമാക്കി. 


അഞ്ജു ഷാജിയുടെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.  ശരീരത്തില്‍ മറ്റ് പരിക്കുകളില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


അതേസമയം, അഞജു ഷാജിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.


എന്നാല്‍,  പെണ്‍കുട്ടി പരീക്ഷയെഴുതിയ ബിവിഎം ഹോളിക്രോസ് കോളേജിനെതിരേ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് കുടുംബം. പ്രിന്‍സിപ്പാള്‍ അടക്കം വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്നും ഗൂഢാലോചന നടത്തി പെണ്‍കുട്ടിയുടെമേല്‍ എല്ലാ കുറ്റങ്ങള്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കേളേജുകാര്‍ ചെയ്യുന്നതെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ എന്നിവരെ അഞ്ജുവിന്‍റെ  മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.