തിരുവനന്തപുരം: സിപിഎം 23-ഉം, സിപിഐ 24-മതും പാർട്ടികോൺഗ്രസുകളിലേക്ക് കടക്കുന്നതിനിടെ പുതിയ ഏറ്റുമുട്ടലിനുള്ള തുടക്കമിട്ട് സിപിഎം.  സിപിഐയെ അടിക്കാനുള്ള വടിയായി  പാർട്ടി പ്രസിദ്ധീകരണമായ ചിന്തയെയാണ് ഇത്തവണ സിപിഎം ഉപയോഗിച്ചത്.   മാർക്സിസ്റ്റ് നിലപാടുകളിൽ നിന്ന് വ്യതിചലിച്ച വർഗവഞ്ചകരാണ് സിപിഐയെന്നും ചെമ്പാതകയും കമ്യൂണിസ്റ്റ് പേരും അവർ ഉപേക്ഷിക്കണമെന്നുമാണ്  ചിന്തയിലൂടെ സിപിഎം മുന്നോട്ട് വെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതുമുന്നണിയുടെ ഭാഗമായി നിലകൊള്ളുമ്പോഴും സിപിഐ സ്വീകരിക്കുന്ന ഇടപെടലുകൾ  സിപിഎമ്മിനെ തെല്ലൊന്നുമല്ല അലോരസപ്പെടുത്തുന്നത്. ഇടതുപക്ഷത്തെ തിരുത്തൽ ശക്തി എന്ന പട്ടം സിപിഐ സ്വയം എടുത്തണിയുകയാണെന്നാണ് പ്രധാന വിമർശനം. ഇത് വലതുപക്ഷ മാധ്യമങ്ങൾ ഏറ്റെടുത്ത് സിപിഎമ്മിനെ കുത്താനുള്ള ഉപാധിയാക്കാറുണ്ടെന്നും എന്നാൽ ഇത്തവണ സിപിഐ ഈ പട്ടം സ്വയം എടുത്ത് അണിഞ്ഞിരിക്കുകയാണെന്നും ചിന്തയിലെ ലേഖനം കുറ്റപ്പെടുത്തുന്നു.



ക ഴിഞ്ഞകാല രാഷ്ട്രീയനിലപാടുകളുടെയും സമര - സംഘടനാപ്രവർത്തനങ്ങളുടെയും സ്വയം വിമർശനാടിസ്ഥാനത്തിലുള്ള  പുനഃപരിശോധന  നിലപാടുകൾ വിസ്മരിച്ചാണ് സിപിഐയുടെ മുന്നോട്ട് പോക്കെന്നും സിപിഐ പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ ചർച്ചചെയ്യാൻ അവതരി പ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഎമ്മിനെ തിരുത്തുന്ന കാര്യമാണെന്നും ലേഖനം അടിവരയിടുന്നു. 


ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി ഭരണത്തെ അട്ടിമറിക്കാൻ സിപിഐ നടത്തിയ ശ്രമങ്ങളും കോൺഗ്രസുമായുള്ള ചങ്ങാത്തവും 'തിരുത്തൽ വാദത്തിന്റെ ചരിത്രവേരുകൾ' എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.  അതേസമയം ചിന്തയിലെ ലേഖനത്തിനുള്ള മറുപടി പാർട്ടി പ്രസിദ്ധീകരണമായ  നവയുഗത്തിന്റെ അടുത്ത ലക്കത്തിലൂടെ നൽകുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്.



മുന്നണിയില്‍ പ്രത്യയശാസ്ത്രപരമായ തര്‍ക്കം ആകാമെന്നും വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് വിമര്‍ശിക്കുന്നവരാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.  ഇതോടെ  ചിന്തയില്‍ വന്നത് സി.പിഎമ്മിന്റെ പ്രതികരണമല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. സിപിഐയുടെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സിപിഎം നിലപാട് പാർട്ടി നേതാക്കൾ പറയുമെന്നും അതിന് ആരുടേയും ചീട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA