മുക്കം: നിർദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മലപ്പുറം ജില്ലാസംയുക്ത ആക്ഷൻ കമ്മറ്റി നടത്തി വരുന്ന കുടിൽ കെട്ടി സമരത്തിന് സി.പി.എം പ്രവർത്തകരുടെ പിന്തുണ. പാർട്ടിയുടെ വിലക്ക് ലംഘിച്ച് മുന്നൂറോളം പ്രവർത്തകർ സമരപന്തലിൽ പാർട്ടി കൊടി നാട്ടി. മലപ്പുറം ജില്ലയിലെ ഗെയിൽ പദ്ധതി കടന്നു പോവുന്ന കാവനൂർ ഏലിയപറമ്പ് ബ്രാഞ്ച് കമ്മറ്റിക്ക് കീഴിലെ പ്രവർത്തകരാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടി നാട്ടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗെയിൽ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ ചില തീവ്രവാദ സംഘടനകളാണന്ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട്ടിലെ ടാങ്കർ മുതലാളിമാരാണന്ന് കേന്ദ്ര കമ്മറ്റി അംഗം എളമരം കരീമും  പറഞ്ഞിരുന്നു. സമരത്തിന് പിന്തുണ നൽകുന്നവർക്കെതിരെ പാർട്ടി നേതൃത്വവും രംഗത്ത് വന്നിരുന്നു. ഇത് അവഗണിച്ചാണ് പ്രവർത്തകരുടെ പുതിയ നീക്കം. 


ഭൂപരിഷ്ക്കരണ നിയമത്തിലൂടെ സാധാരണക്കാരന് അഞ്ച് സെൻറും പത്ത് സെൻറും നൽകിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ പിൻമുറക്കാർ ഭരണത്തിലെത്തിയപ്പോൾ കോർപ്പറേറ്റുകളുടെ കുഴലൂത്തുകാരായി മാറിയെന്ന് ഉദ്ഘാടനം ചെയ്ത സി.പി.എം നേതാവ് സി.കെ.അബ്ദുറഹിമാൻ പറഞ്ഞു. 


സമരത്തിന്‍റെ ആദ്യഘട്ടം മുതൽ എല്ലാ നിർദേശവും മറികടന്ന് ആക്ഷൻ കമ്മറ്റിക്കൊപ്പം നിൽക്കുന്ന കാരശേരി പഞ്ചായത്തംഗം ജി.അബ്ദുൽ അക്ബറിന് പിന്നാലെ കാവനൂർ പഞ്ചായത്തംഗം ഷാക്കിർ ഹുസൈനും സമരത്തിന് പിന്തുണയർപ്പിച്ചെത്തി.