പ്ലസ് വണ്‍ ഏകജാലകം; അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം അനിശ്ചിതമായി വൈകുന്ന പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി. ഈ മാസം 18 വരെയായിരുന്നു നിലവില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്.
മാർച്ച് 28ന് നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതി ഉയർന്നിരുന്നു. വാട്ട്‌സ് ആപ്പിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതേ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നെങ്കിലും പരീക്ഷകള്‍ റദ്ദാക്കുകയോ പുന:പരീക്ഷ നടത്തുകയോ ചെയ്തില്ല. പത്താംക്ലാസിലെ റിസള്‍ട്ട് ഉയര്‍ന്ന വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന കാരണത്താലാണ് പുന:പരീക്ഷ നടത്താതിരുന്നതെന്ന് സിബിഎസ്‌ഇ പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ അനിശ്ചിതത്തമാണ് ഫലം പുറത്ത് വരാന്‍ വൈകുന്നതിനു കാരണം.
പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് ചോദ്യപേപ്പറും ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ ഏപ്രില്‍ 24 ന് സിബിഎസ്‌ഇ പുന:പരീക്ഷ നടത്തിയിരുന്നു. ഈ മാസം 30 നാണ് സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പുറത്ത് വരുന്നത്.