തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തിലാദ്യമായി ക്ഷേത്രങ്ങളില്‍ ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത് ഒരു നിശബ്ദ വിപ്ലവമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമനം നടത്തിയത്. ക്ഷേത്ര പ്രവേശന വിളംബരം വഴി അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ശ്രീകോവിലുകള്‍ അവര്‍ക്ക് അപ്രാപ്യമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടന പ്രകാരമുള്ള സംവരണം ശാന്തി നിയമനത്തിലും നടപ്പാക്കിയത് വഴി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


മുന്‍പ് ദേവസ്വം ബോര്‍ഡിന്‍റെയും മറ്റു ട്രസ്റ്റുകളുടെയും അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ശാന്തിയായി നിയമിച്ചിരുന്നില്ല. ശബരിമലയിലെ ശാന്തി നിയമനത്തില്‍ സംവരണം സാദ്ധ്യമാകുമോ എന്ന് പരിശോധിക്കും. മലബാര്‍ ദേവസ്വ നിയമ ഭേദഗതി നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


മന്ത്രി തന്‍റെ സംഭാഷണത്തില്‍ രാജ്യമാകെ ഈ വിപ്ലവമറിയിച്ച ദേശീയ ചാനലുകള്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളോടും പിന്തുണ അറിയിച്ച നടന്‍ കമലാഹാസന്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ തുടങ്ങിയവരോടും നന്ദി അറിയിച്ചു.