Arikkomban: കുങ്കിയാനകൾക്ക് പിന്നാലെ അരിക്കൊമ്പൻ; സുരക്ഷ വർധിപ്പിച്ച് വനം വകുപ്പ്
Arikkomban updates: കഴിഞ്ഞ ദിവസം ചിന്നക്കനാൽ സിമൻറ് പാലത്ത് കുങ്കി ആനത്താവളത്തിൽ എത്തിയ അരിക്കൊമ്പൻ കോന്നി സുരേന്ദ്രന് നേരെ പാഞ്ഞടുത്തിരുന്നു.
ഇടുക്കി: ചിന്നക്കനാൽ സിമൻറ് പാലത്ത് കുങ്കിയാനകൾക്ക് സമീപം അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ച് വനം വകുപ്പ്. ഇതിൻറെ ഭാഗമായി ഈ മേഖലയിൽ കൂടുതൽ വാച്ചർമാരെ നിയോഗിച്ചു.
കഴിഞ്ഞ ദിവസമാണ് കുങ്കി ആനത്താവളത്തിൽ അരിക്കൊമ്പൻ എത്തിയത്. കോന്നി സുരേന്ദ്രന് നേരെ അരിക്കൊമ്പൻ പാഞ്ഞടുത്തിരുന്നു. പാപ്പാൻമാർ ഓടി എത്തി ബഹളം വെച്ചതോടെയാണ് അരിക്കൊമ്പൻ ആക്രമണം നടത്താതിരുന്നത്. തുടർന്ന് കുങ്കി ആനത്താവളത്തിന് സമീപത്തേയ്ക് ഇന്ന് രണ്ട് തവണ അരിക്കൊമ്പൻ എത്തി. കുങ്കിത്താവളത്തിനോട് ചേർന്ന് ആനയിറങ്കൽ ജലാശയത്തിന് സമീപത്തെ മരങ്ങൾക്കിടയിലാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്.
ALSO READ: കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ തന്നെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. അഞ്ചാം തീയതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സമിതി ജന വികാരം മനസ്സിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഹൈക്കോടതി നിലപാടിനെതിരെ സിങ്കുകണ്ടത്തും പൂപ്പാറയിലും രാപ്പകൽ സമരം തുടരുകയാണ്.
അതേസമയം, അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. നിലവിൽ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിലാണ് അരിക്കൊമ്പൻ കേസ് ഉള്ളത്. ഈ ബെഞ്ചിൽ നിന്ന് ഹർജി മാറ്റി ചീഫ് ജസ്റ്റിസ് വാദം കേൾക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.
മാർച്ച് 23ന് രാത്രി അരിക്കൊമ്പൻ വിഷയം അടിയന്തരമായി പരിഗണിക്കാൻ ഉണ്ടായ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ അറുപതോളം കർഷക സംഘടനകൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസ് പരിഗണിക്കുന്ന അഞ്ചാം തീയതി രാവിലെ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നൽകാനാണ് തീരുമാനം. അതേസമയം, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വീട് നഷ്ടപ്പെട്ടവരെയും പങ്കെടുപ്പിച്ചുകൊണ്ട് സമരം ശക്തമാക്കുകയാണ് സംഘാടകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...