Arikkomban: അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ; ദൗത്യം ദുഷ്കരമാകുന്നു, മുന്നോട്ട് പോകുമെന്ന് വനം വകുപ്പ്
Arikkomban mission: ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് അരിക്കൊമ്പൻ ദൗത്യം വീണ്ടും പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ് അറിയിച്ചു.
ഇടുക്കി: രാവിലെ മുതൽ നടത്തിയ തിരച്ചിലിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി. നാട്ടുകാരാണ് ഇടുക്കി ശങ്കരപാണ്ഡ്യമേട്ടിൽ അരിക്കൊമ്പനെ കണ്ടെത്തിയത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരന്നു. നാളെ പുനരാരംഭിക്കുന്ന ദൗത്യത്തിൻറെ ഭാഗമായി ഇവിടെ നിന്ന് അരിക്കൊമ്പനെ ഓടിച്ച് താഴെ ഇറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
നാളെ രാവിലെ 8 മണിയ്ക്ക് അരിക്കൊമ്പൻ ദൗത്യം വീണ്ടും പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ് അറിയിച്ചിരുന്നു. രാവിലെ മുതൽ തന്നെ ട്രാക്കിംഗ് സംഘം അരിക്കൊമ്പൻറെ നീക്കങ്ങൾ നിരീക്ഷിക്കും. നാളെയും ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞായറാഴ്ചയും ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു; ദൗത്യം നാളെ വീണ്ടും തുടരും
ഇന്ന് പുലർച്ചെ 4.30ഓടെയാണ് ദൗത്യം ആരംഭിച്ചത്. എന്നാൽ, ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഇതോടെ ദൗത്യം താത്ക്കാലികമായി നിർത്തി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ ആനയിറങ്കലിൽ കാട്ടാന കൂട്ടത്തെ കണ്ടെത്തിയിരുന്നു. ഈ കൂട്ടത്തിൽ അരിക്കൊമ്പനുണ്ടെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. എന്നാൽ, ഇത് അരിക്കൊമ്പനല്ലെന്നും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനാണെന്നും പിന്നീട് സ്ഥിരീകരണം എത്തി.
അരിക്കൊമ്പനെ കാണാതെ വന്നതോടെ പല തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. രാവിലെ 10 മണിയോടെ അരിക്കൊമ്പൻ ഉറങ്ങുന്നത് പതിവുണ്ടെന്നും ഉച്ചയ്ക്ക് ശേഷമെ പിന്നീട് വനത്തിന് പുറത്തേയ്ക്ക് വരികയുള്ളൂ എന്നെല്ലാമായിരുന്നു അഭ്യൂഹം. 301 കോളനിക്ക് സമീപത്തുള്ള വന മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാൽ, ദൗത്യ സംഘം എത്തിയതോടെ ആനയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. കൂടുതൽ വനപാലകരെ എത്തിച്ചും വാഹനങ്ങളിലുമെല്ലാം ആനയ്ക്കായി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല.
വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സർജൻമാർ, കുങ്കിയാനകൾ തുടങ്ങി വലിയൊരു സംഘമാണ് അരിക്കൊമ്പനെ പിടികൂടാൻ ഇന്ന് കാടുകയറിയത്. ഏകദേശം 150ഓളം പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഉച്ച കഴിഞ്ഞാൽ ദൗത്യം ദുഷ്കരമാകുമെന്നിരിക്കെ അരിക്കൊമ്പനായുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതായുള്ള അറിയിപ്പെത്തി. ഏറെ പണിപ്പെട്ടിട്ടും ആനയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇന്നത്തെ ദൗത്യം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നത്. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...