Asian Mountain Cycling Championship: 30 രാജ്യങ്ങളിൽ നിന്ന് 300 ൽ അധികം പുരുഷ-വനിതാ കായിക താരങ്ങൾ; ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ് ഒരുക്കങ്ങൾ
രണ്ടു വ്യത്യസ്ത ട്രാക്കുകളിലായി ഒരേ സമയത്തു തന്നെയാണ് രണ്ടു മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ട്രാക്കുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
തിരുവനന്തപുരം: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾ തിരുവനന്തപുരത്ത് അതിവേഗത്തിൽ പുരോഗമിക്കുന്നു. ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. സൈക്ലിങ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ്.എസ്. സുധീഷ് കുമാർ, കേരള സൈക്ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബി. ജയപ്രസാദ് തുടങ്ങിയവർ ലോഗോ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 26 മുതൽ 29 വരെ പൊന്മുടിയിലാണ് ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന “ഡൗൺ ഹിൽ മത്സരങ്ങളും 4 കിലോമീറ്റർ ദൈർഘ്യം വരുന്ന “ക്രോസ് കൺട്രി മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണം.
രണ്ടു വ്യത്യസ്ത ട്രാക്കുകളിലായി ഒരേ സമയത്തു തന്നെയാണ് രണ്ടു മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ട്രാക്കുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കനത്ത മഴയിലും തണുപ്പിലും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
ഏഷ്യൻ സൈക്ലിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്ങും സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനീന്ദർപാൽ സിങ്ങും പൊന്മുടി സന്ദർശിച്ചു നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി തൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം പുരുഷ-വനിതാ കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. 2024-ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള ഏഷ്യൻ രാജ്യങ്ങളുടെയും ക്വാളിഫൈയിങ് മത്സരങ്ങൾ കൂടിയാണിത്. ചാമ്പ്യൻഷിപ്പിനുള്ള 43 അംഗ ഇന്ത്യൻ ടീമിന്റെ പരിശീലനം ഈ മാസം ഒൻപത് മുതൽ പൊന്മുടിയിൽ പുരോഗമിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...