തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്നും  എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണ്. എന്നാല്‍ വിവാദങ്ങളില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നില്ല. അതിനാലാണ് വന്‍കിട പദ്ധതികളെ ആശ്രയിക്കേണ്ടി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈദ്യുത പ്രസരണ നഷ്​ടം കുറക്കാൻ കഴിഞ്ഞ അഞ്ച്​ വർഷം കാര്യമായ നടപടിയുണ്ടായില്ലെന്നും കടകംപള്ളി പറഞ്ഞു. 2011 മുതൽ 2016 വരെ 35 സബ്​സ്​റ്റേഷനുകളാണ്​ സംസ്ഥാനത്ത്​ സ്ഥാപിച്ചത്​. ഇത്​ പ്രസരണ രംഗത്തെ ബാധിച്ചിട്ടുണ്ട്​.  ആവശ്യകത വർധിക്കുന്നതിനനുസരിച്ച്​ പുതിയ സബ്​സ്​റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാനും കഴിയുന്നില്ല. കൂടംകുളം നിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തിക്കേണ്ട ഇടമൺ – കൊച്ചി ലൈൻ നിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്​.


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ 18 കിലോമീറ്റർ ദൂരത്തിലാണ്​ കഴിഞ്ഞ അഞ്ചു വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്നത്​. 18 കിലോമീറ്റർ ദൂരത്ത്​ ലൈൻ വലിക്കാൻ കഴിഞ്ഞെങ്കിൽ  വലിയ പ്രസരണ നഷ്​ടമില്ലാതെ കൂടംകുളത്തുനിന്ന്​ വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നു. മുടങ്ങിക്കടക്കുന്ന വൈദ്യുതി പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. കാസര്‍കോട് 50 മെഗാവാട്ട് സോളര്‍ പദ്ധതി നടപ്പാക്കും. അഞ്ചു വര്‍ഷം പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേ സമയം വന്‍കിടപദ്ധതികള്‍ കേരളത്തിന് യോജിച്ചതല്ലെന്ന് മുന്‍ വനംമന്ത്രിയും എല്‍ഡിഎഫ് എംഎല്‍െയുമായ കെബി ഗണേശ് കുമാര്‍ പറഞ്ഞു. ധൃതിപിടിച്ച് പദ്ധതി നടപ്പാക്കുമെന്ന് കരുതുന്നില്ലെന്നും ഗണേശ് വ്യക്തമാക്കി.


ഇതിനിടെ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത് വന്നു. പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തില്‍ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്ടറോളം വനഭൂമി നശിക്കുമെന്ന് പരിഷത്ത് പറയുന്നു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നതിനപ്പുറം നിരവധി സസ്യ ജീവജാലങ്ങള്‍ ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകും.സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതാക്കി നടപ്പാക്കുകയാണെങ്കില്‍പ്പോലും പുഴയിലെ നീരൊഴുക്ക് പകുതിയാവും. മേഖലയിലെ ജനങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടേണ്ടിവരുമെന്നും പരിഷത്ത് മുന്നറയിപ്പ് നല്‍കുന്നു. സൗരോര്‍ജം അടക്കമുള്ള ബദല്‍ മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും പരിഷത്ത് പറഞ്ഞു.ചാലക്കുടി പുഴയില്‍ ഇനിയൊരു ജലവൈദ്യുത പദ്ധതികൂടി വന്നാലും അത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തി മനോഹാരിതയെ ബാധിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പരിഷത്ത് രംഗത്തെത്തിയിട്ടുള്ളത്.