തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ്‌ നാട്ടുകാരുടെ മര്‍ദ്ദനത്തെ ത്തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദിവാസി യുവാവ്‌ കൊല്ലപ്പെട്ട സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.


അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും. മുഖ്യമന്ത്രി തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 


കടുക്മണ്ണ ഊരുവാസിയായിരുന്നു 27 വയസ്സുകാരനായ മധു. മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. 


മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നു.


അതേസമയം, അട്ടപ്പാടിയില്‍ നാട്ടുകാരുടെ മാര്‍ദ്ദനത്തെതുടര്‍ന്ന് ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ അതിശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി ഡിജിപിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടും. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാത്ത തരത്തില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.