വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ക്യാമ്പിൽ നിന്ന് മാറ്റാൻ ശ്രമം: അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം ജില്ലാ കളക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു
തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ (Cyclone) വീടുകൾ നഷ്ടപ്പെട്ട് സെൻ്റ് റോക്സ് കോൺവെൻ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ അവിടെ നിന്നും മാറ്റാൻ ശ്രമിക്കുകയാണെന്ന് പരാതി. ഇക്കാര്യത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ (Human rights commission) അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു.
രണ്ട് സെൻ്റ് മുതൽ അഞ്ച് സെന്റ് വരെ സ്വന്തമായി ഭൂമിയുണ്ടായിരുന്നു. 1000 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകളാണ് നഷ്ടമായത്. 2021 ലെ ചുഴലികാറ്റിലാണ് മത്സ്യത്തൊഴിലാളികൾക്ക് വീടും ഭൂമിയും നഷ്ടമായത്. ഇവർക്ക് സ്ഥിരമായ ഒരു പുനരധിവാസ കേന്ദ്രം പോലും നൽകിയിട്ടില്ല. താത്കാലികമായി സെൻ്റ് റോക്സ് സ്കൂളിലെ ക്യാമ്പിലാണ് താമസിപ്പിച്ചിരിക്കുന്നത്.
പ്രായപൂർത്തിയായ മക്കളെയും പ്രായമായ മാതാപിതാക്കളെയും കൊണ്ട് വഴിവക്കിൽ താമസിക്കാൻ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു. വാടകക്ക് വീടെടുത്ത് താമസിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സ്ഥിരമായ പുനരധിവാസം ലഭിക്കുന്നത് വരെ സുരക്ഷിതമായ താൽക്കാലിക പുനരധിവാസം ഒരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 16 മത്സ്യത്തൊഴിലാളികൾ ചേർന്നാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...