തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച ഖ്യാതിയെ വിദ്വേഷ പ്രചാരണം കൊണ്ട് ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും കേന്ദ്ര മന്ത്രിമാരുടേത് ബോധപൂര്‍വ്വമായ പ്രചാരണമെന്നും മുഖ്യമന്ത്രി


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് ജില്ലയില്‍  ആന ചരിഞ്ഞ സംഭവം കേരള പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കുമെന്നും കേരളത്തിന്‍റെ  ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


ഗര്‍ഭാവസ്ഥയിലുള്ള ഒരു മിണ്ടാപ്രാണിയുടെ മരണം സങ്കടകരമാണ്.  എന്നാല്‍ ആ സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ, പ്രത്യേകിച്ച്‌ മലപ്പുറത്തിന്‍റെ  പേരെടുത്ത് പറഞ്ഞ് സംഘടിതമായ ക്യാമ്പയിന്‍ ദേശീയ തലത്തില്‍ നടക്കുകയാണ്. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് ആന ചരിഞ്ഞത്. കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ഈ വസ്തുവിരുദ്ധ പ്രചാരണത്തിലൂടെ  ശ്രമിക്കുന്നത്. 


മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേര്‍ന്ന പ്രകൃതിയുടെ സന്തുലിതാവസ്ത ഉറപ്പാക്കാന്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് പരിശോധിക്കും. ഇതിന്‍റെ പേരില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിന് ലഭിക്കുന്ന ഖ്യാതിയെ ഇല്ലാതാക്കാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹമാണ് എന്നു മാത്രമാണ് സൂചിപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ജില്ലയാണ് മലപ്പുറമെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ ഭാഗമായാണെങ്കില്‍ അവരത് തിരുത്തുമായിരുന്നു. തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ ബോധപൂര്‍വം പറഞ്ഞതാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം പ്രസ്താവനകള്‍  ഖേദകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


 ഈ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് നിരവധി പേര്‍ തന്നെ സമീപിച്ചെന്നും അവരുടെയൊന്നും ആശങ്ക വെറുതെയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്നുപേരെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു.  കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍  കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റ് പറഞ്ഞു.