തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് എല്ലാ സജീകരണങ്ങളും പൂർത്തിയായിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യത്തെ രണ്ടാഴ്ച ഹാജർ നിർബന്ധമാക്കില്ല. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കും സ്കൂളുകളിൽ ഉണ്ടായിരിക്കുക. 24,000 തെർമൽ സ്കാനറുകൾ സ്കൂളുകൾക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവേശനോത്സവത്തോടെയാണ് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത്. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.


104 സ്കൂളുകളിൽ ഇനിയും ശുചീകരണം നടത്താനുണ്ട്. 1474 സ്കൂൾ ബസ്സുകൾ ശരിയാക്കാനുണ്ടെന്നും ഇത് ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട എന്ന് നിർദേശം നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.


സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.


സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ അക്കാദമിക് ആവശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്റനൻസ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.