ശോഭ സുരേന്ദ്രന്‍റെ പ്രചാരണം തടസപ്പെടുത്തി; ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം നിന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു
ആറ്റിങ്ങല്‍: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം നിന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു
സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനാണ് ഉപരോധിച്ചത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി അനുരഞ്ജന ചര്‍ച്ച നടത്തി കേസെടുത്തതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ശോഭ സുരേന്ദ്രന്‍റെ പ്രചാരണം നടക്കവെ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂകിവിളിക്കുകയുമായിരുന്നു.
പള്ളിക്കല്‍ മൂതലയില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാഥ തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ബിജെപി പരാതിപ്പെട്ടു.
രണ്ടു സംഭവങ്ങളിലും പൊലീസ് അക്രമം തടഞ്ഞില്ലെന്നും പ്രതികളെ രക്ഷിക്കുന്നുവെന്നും ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്.
പൊലീസ് എഫ്.ഐ.ആര്‍ ഇടുകയും പ്രതികളെ പിടിക്കുമെന്ന് ഡിവൈഎസ് പി ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ച് ശോഭ സുരേന്ദ്രന്‍ പ്രചാരണ പരിപാടികളിലേക്ക് മടങ്ങിയത്.