അവതാർ ദി വേ ഓഫ് വാട്ടർ എന്ന ചലച്ചിത്രം കേരളത്തിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്ന വാർത്ത ഒരു ഇടുത്തീ പോലെയാണ് മലയാളി സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇത് കാരണം സിനിമ കാണാൻ കേരളത്തിന് പുറത്തേക്ക് പോകേണ്ടി വരുമോ ? , കേരളത്തിലെ ആദ്യത്തെ ഐമാക്സ് തീയറ്ററിൽ നിന്ന് അവതാർ കാണാൻ കാത്തിരുന്നതെല്ലാം പാഴായ്പ്പോകുമോ തുടങ്ങി ഒട്ടനവധി സംശയങ്ങളാണ് സിനിമാ പ്രേമികൾ ഉന്നയിച്ചത്. എന്നാൽ ഇവയിൽ മിക്ക ആശങ്കകളും അനാവശ്യമാണ്. കാരണം അവതാർ ദി വേ ഓഫ് വാട്ടർ കേരളത്തിലെ പ്രദർശനത്തിന് വിലക്കിയത് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള, അധവാ FEUOK ന്‍റെ കീഴിൽ വരുന്ന നാന്നൂറോളം തീയറ്ററുകൾ മാത്രമാണ്. ഇവ ഒഴികെ ഷോപ്പിങ്ങ് മാളുകളിലെ തീയറ്ററുകൾ, മൾട്ടീ പ്ലക്സുകൾ എന്നിങ്ങനെ ബാക്കിയുള്ള തീയറ്ററുകളിൽ എല്ലാം തന്നെ അവതാർ യാതൊരു പ്രശ്നവും ഇല്ലാതെ പ്രദർശിപ്പിക്കും. എന്താണ് FEUOK അവതാർ ദി വേ ഓഫ് വാട്ടർ വിലക്കാൻ കാരണം ? പരിശോധിക്കാം.. 


COMMERCIAL BREAK
SCROLL TO CONTINUE READING

FEUOK എന്ന സംഘടനയുടെ അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം മലയാളം ചലച്ചിത്രങ്ങൾക്ക് ലഭിക്കുന്ന മൊത്തം തീയറ്റർ കളക്ഷന്‍റെ ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിച്ച് നിർത്തി 60% ആണ് വിതരണക്കാർക്കും ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്കും തീയറ്ററുകൾ നൽകുന്നത്. എന്നാൽ അന്യഭാഷാ ചിത്രങ്ങളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. സാധാരണ ഒരു അന്യഭാഷാ ചിത്രത്തിന് വിതരണക്കാർക്കും നിർമ്മാതാക്കൾക്കുമായി തീയറ്ററിൽ നിന്ന് നൽകുന്ന വിഹിതം 50 % ആണ്. എന്നാൽ നല്ല ഹൈപ്പുള്ള ചിത്രങ്ങൾക്കും വൻ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾക്കും 55 % എന്ന വിഹിതവും നൽകാറുണ്ട്. അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ കാര്യം പരിശോധിക്കാല്‍ ഈ ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് ഡിസ്നിയാണ്. ഡിസ്നി കേരളത്തിലെ തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടത് തീയറ്റർ കളക്ഷന്‍റെ 60% ഷെയറും കൂടാതെ ചിത്രം 3 ആഴ്ച്ച തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നുമാണ്. ഈ ആവശ്യമാണ് തീയറ്റർ ഉടമകൾ അംഗീകരിക്കാതെ കേരളത്തിലെ അവതാറിന്‍റെ പ്രദർശനം തടഞ്ഞത്. ഈ വിഷയത്തിൽ നമുക്ക് ഡിസ്നിയുടെയും FEUOK ന്‍റെയും വശങ്ങൾ പരിശോധിക്കാം. 


ഡിസ്നി


കോവിഡിന് ശേഷം ലോകത്തെ മറ്റുള്ള മൾട്ടീ നാഷണൽ കമ്പനികളെപ്പോലെ തന്നെ ഡിസ്നിയും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഡിസ്നിയുടെ ചലച്ചിത്രങ്ങൾ ഇപ്പോൾ തീയറ്ററുകളിൽ നിന്ന് പഴയത് പോലെ പ്രതീക്ഷിച്ച കളക്ഷൻ നേടുന്നുമില്ല. അവസാനമായി പുറത്തിറങ്ങിയ ഡിസ്നിയുടെ ആനിമേഷൻ ചിത്രം സ്ട്രേഞ്ച് വേള്‍ഡ് ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടു. ഈ ചിത്രം കാരണം ഡിസ്നിക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് നൂറ് മില്ല്യൺ ഡോളറാണ്. ഡിസ്നിയുടെ തുറുപ്പ് ചീട്ടുകളായിരുന്ന മാർവൽ ചിത്രങ്ങളും ഇപ്പോൾ തീയറ്ററുകളിൽ നിന്ന് പഴയത് പോലെ കളക്ഷൻ നേടുന്നില്ല. ഈ സാഹചര്യത്തിൽ അവതാർ ദി വേ ഓഫ് വാട്ടറിൽ നിന്ന് പരമാവധി കളക്ഷൻ സ്വന്തമാക്കാനാണ് ഡിസ്നി ലക്ഷ്യമിടുന്നത്. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ ജെയിംസ് കാമറൂൺ തന്നെ പറഞ്ഞത് അവതാർ ദി വേ ഓഫ് വാട്ടർ വിജയിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 1 ബില്ല്യൺ കളക്ഷൻ എങ്കിലും സ്വന്തമാക്കണമെന്നാണ്. കോവിഡിന് ശേഷം ഭൂരിഭാഗം ചിത്രങ്ങളും വൺ ബില്ല്യൺ ക്ലബ്ബിൽ കയറുന്നതിൽ പരാജയപ്പെടാറുണ്ട്. അതുകൊണ്ടുതന്നെയാകണം അവതാർ ദി വേ ഓഫ് വാട്ടർ, ഡിസ്നി നേരിട്ട് വിതരണത്തിന് എടുക്കുന്നതും പരമാവധി വരുമാനം അതിൽ നിന്ന് സ്വന്തമാക്കാൻ ശ്രമിക്കുന്നതും. 


FEUOK


ലോക്ക്ഡൗണിൽ ഏതാണ്ട് ഒന്നര വർഷത്തോളം പൂർണമായും അടഞ്ഞ് കിടന്നതിനാൽത്തന്നെ കേരളത്തിലെ തീയറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. നിലവിൽ ഫുട്ബോൾ ലോക കപ്പ് നടക്കുന്നതിനാൽ തീയറ്റുകളിലേക്കെത്തുന്ന ജനങ്ങളുടെ എണ്ണം പൊതുവെ കുറവാണ്. അതുകൊണ്ട് ഇപ്പോൾ തീയറ്ററിലുള്ള ചിത്രങ്ങൾ ലോക കപ്പ് കഴിയുന്നത് വരെ പ്രദർശിപ്പിക്കാമെന്ന് തീയറ്ററുടമകൾ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരുപാടധികം നഷ്ടങ്ങൾ സഹിക്കുന്ന തീയറ്റർ ഉടമകൾ അവതാർ ദി വേ ഓഫ് വാട്ടർ എന്ന ചിത്രത്തിന് വേണ്ടി 60 % തീയറ്റർ ഷെയർ കൊടുക്കാമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ ഭാവിയിൽ വേറെയും അന്യഭാഷാ ചിത്രങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചകൾ ചെയ്ത് കൊടുക്കേണ്ടി വരും. ഇതിന് പുറമേ തമിഴ്നാട്ടിൽ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും അവതാർ ദി വേ ഓഫ് വാട്ടറിന് കൊടുക്കുന്നത് 50 % തീയറ്റർ ഷെയർ മാത്രമാണ്. കേരളത്തിലെ തീയറ്ററുകളോട് മാത്രമാണ് ഡിസ്നി 60 % എന്ന കണക്ക് പറഞ്ഞിരിക്കുന്നതെന്നാണ് FEUOK അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്. 


തീയറ്റർ ഉടമകൾ പറയുന്നത് സത്യമാണെങ്കിൽ അവതാർ ദി വേ ഓഫ് വാട്ടറിന് വേണ്ടി തീയറ്റർ ഉടമകൾ ചെയ്തുകൊടുക്കുന്ന വിട്ടുവീഴ്ച്ചകൾ അവരെ ഭാവിയിലും മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ മിനിമം 1 ബില്ല്യൺ ക്ലബ്ബ് ലക്ഷ്യമിടുന്ന അവതാറിന് എത്ര ചെറിയ തുകയുടെ കളക്ഷൻ ആണെങ്കിലും വേണ്ടെന്ന് വയ്ക്കാനാകില്ല. കേരളത്തിലെ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് അവതാർ ദി വേ ഓഫ് വാട്ടർ മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാനാകും ഡിസ്നിയും ശ്രമിക്കുന്നത്. FEUOK അംഗങ്ങൾ പറഞ്ഞത് ഇതുവരെ വിഷയത്തിൽ യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ലെന്നാണ്. ചിത്രം പുറത്തിറങ്ങാൻ ഇനി രണ്ട് ആഴ്ച്ചകളുണ്ട്. അതിനിടയിൽ ഈ പ്രശ്നം പരിഹരിച്ച് അവതാറിന് കേരളം മുഴുവൻ ഒരു സുഗമമായ റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.