തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ലെന്ന്  മിമിക്രി കലാകാരൻ കലാഭവൻ സോബി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോബി. 


മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലിന് ശേഷം ഭീഷണി നേരിടുന്നുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി പറഞ്ഞു. 


അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. 


അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോൾ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്നും സോബി വെളിപ്പെടുത്തി.


ഇതിനെത്തുട‍ർന്നാണ് സോബിയോട് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 


ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹതയില്‍ അന്വേഷണം പുരോഗമിക്കവെയാണ് ചില സുഹൃത്തുക്കളെ സ്വര്‍ണകടത്ത് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതാണ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവായത്‌.


അതേ സമയം, ഇന്നലെ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്നാണ് ലക്ഷ്മി ആവര്‍ത്തിച്ചത്. 


ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷന് സമീപ൦ സെപ്‌റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. 


തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്‍റെ മകള്‍ രണ്ടുവയസ്സുകാരി  തേജസ്വിനി മരണപ്പെട്ടിരുന്നു.


ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്. 


അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.