കൊല്ലം: വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് അജിഭവനത്തിൽ അജികുമാറിന്റെയും ശാലിനിയുടെയും മകൾ അഭിരാമിയാണ് (20) മരിച്ചത്. അഭിരാമി ജപ്തി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ജനൽകമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സമയം അജികുമാറിന്റെ പ്രായമായ അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അജികുമാറും ഭാര്യയും മകളും ഒരു ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. തിരിച്ചെത്തിയ അജികുമാറും ഭാര്യയും ഇക്കാര്യം അന്വേഷിക്കാനായി ബാങ്കിലേക്ക് പോയി. ഈ സമയത്താണ് അഭിരാമി തൂങ്ങി മരിച്ചത്. വാതിൽ തുറക്കാതായതോടെ അജികുമാറിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ: ജപ്തി വിവാദം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയെന്ന് വിഎൻ വാസവൻ


നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വിദേശത്തായിരുന്ന അജികുമാറിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിപ്പിച്ചത്. 


പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും. അതേസമയം, സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പത്രത്തിലടക്കം പരസ്യം നൽകിയ ശേഷം മാത്രമേ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങുമായിരുന്നുള്ളൂവെന്നും ബാങ്ക് അധികൃതർ പറയുന്നു. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ കേരള ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.