തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് ഉൾപ്പെടെയുള്ള 11 ഓർഡിനൻസുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധുവായിരിക്കുകയാണ്. ഇന്നലെ രാത്രി 12 മണിവരെയാണ് ഓർഡിനൻസുകൾക്ക് നിയമസാധുത ഉണ്ടായിരുന്നത്.  ഇവ റദ്ദായതോടെ ഓർഡിനൻസുകൾ വരുന്നതിന് മുൻപുള്ള നിയമം നിലനിൽക്കും.  റദ്ദായതിൽ ഏഴു പ്രാവശ്യം പുതുക്കിയ ഓർഡിനൻസുകളും ഉണ്ട്.  ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ നിയമമാക്കുമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചിരുന്നു മാത്രമല്ല ഈ സാഹചര്യത്തിൽ ഓർഡിനൻസുകൾ വീണ്ടും ഇറക്കേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിസി നിയമനത്തില്‍ ഗവർണറെ നോക്കുകുത്തിയാക്കുന്ന നിയമം കൊണ്ടുവരും മുമ്പ് തിരിച്ചടിച്ച് ഗവർണർ


ഇതോടെ ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാഴായി എന്നുവേണം പറയാൻ.  ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് ഉടൻ കൊണ്ടുവരില്ലെന്നാണ് സൂചന. ഡൽഹിയിൽനിന്നു 11നു രാത്രി തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുക്കുമെന്നാണ് റിപ്പോർട്ട്. അസാധുവായ ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിട്ടാൽ ‘സേവിങ് ക്ലോസ്’ അനുസരിച്ച് മുൻകാല പ്രാബല്യം ലഭിക്കും. അസാധുവായ ശേഷമുള്ള ദിവസങ്ങളിൽ ഈ നിയമം നിലനിന്നതായി കണക്കാക്കണം എന്നതാണ് സേവിങ് ക്ലോസ്. ഓർഡിനൻസ് അസാധുവായതിനു പിന്നാലെ ലോകായുക്തയ്ക്ക് അഴിമതി തടയാനുള്ള അധികാരം പുനഃസ്ഥാപിച്ചുകിട്ടുമെന്നു വാദവുമുണ്ട്. ദുരിതാശ്വാസ നിധിയിലെ തുകയിൽ മുഖ്യമന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ഹർജി ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനുള്ള ഫയൽ ഓൺലൈനായി ഡൽഹിയിൽ ഗവർണർക്കു ലഭ്യമാക്കാൻ രാജ്ഭവൻ തയാറാക്കിയിരുന്നു. എന്നാൽ ഗവർണർ അനുകൂലമല്ലെന്നു വ്യക്തമായതോടെ അവർ പിന്മാറി. 


Also Read: പോലീസ് നടപടിയിൽ വിമർശനം, കെ റെയിലിൽ സർക്കാരിനെ നിലപാട് അറിയിക്കുമെന്ന് ​ഗവർണർ


സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ രാവിലെ തന്നെ അറിയിച്ചിരുന്നു. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ല എന്ന താക്കീതും നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാന്‍ സാധ്യമല്ലെന്നും കൃത്യമായി സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ മാത്രമേ ഓര്‍ഡിനന്‍സ് അംഗീകരിക്കുകയുള്ളുവെന്നും ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിൽ ഗവർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട സർക്കാർ നടപടിക്കൊപ്പം വി സി നിയമനത്തിൽ തന്‍റെ അധികാരം കവരാനുള്ള സർക്കാരിന്‍റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്.  ഗവർണർ ഈ നടപടിയിൽ ഉറച്ചുനിൽക്കുന്നതോടെ പഴയ ലോകായുക്ത നിയമമടക്കം പ്രാബല്യത്തിലാകും. ഇതോടെ ലോകായുക്തയുടെ പരിഗണിനയിലുള്ള ഫണ്ട് വകമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരായ കേസ് വീണ്ടും നിർണ്ണായകമാകും.


Also Read: ഒന്നു മണപ്പിച്ചതേയുള്ളൂ.. പിന്നെ പൂച്ചയെ പോലും വെറുതെ വിടാതെ എലി..! വീഡിയോ വൈറൽ 


ഓർഡിനൻസ് ലാപ്സായെങ്കിലും ഗവർണറെ അനുനയിപ്പിച്ചു മുൻകാല പ്രാബല്യത്തിൽ ഇനിയും പുതിയ ഓർഡിനൻസുകൾ ഇറക്കാമെന്ന പ്രതീക്ഷ സർക്കാരിനുണ്ട്. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യയുടെ നിയമനത്തിൽ കണ്ണൂർ വിസി ക്ക് എതിരെ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ നീങ്ങും എന്ന സൂചനയുമുണ്ട്. ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണത്തിന് വിസി നൽകുന്ന മറുപടി അനുസരിച്ചായിരിക്കും തുടർ നീക്കമുണ്ടാകുക. പ്രിയ വർഗീസിന്റെ നിയമനത്തിലെ പരാതിയിൽ കഴമ്പുണ്ടെന്നാണ് ഗവർണ്ണറുടെ വിലയിരുത്തൽ. വിസിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയെ വരെ വെച്ച് കടുപ്പിക്കാനും സാധ്യതയുണ്ട്. ഇതെല്ലം കണക്കിലെടുത്ത് കേരളത്തിൽ 12 ന് മടങ്ങിയെത്തുന്ന  ഗവർണറെ ഒരു പക്ഷെ മുഖ്യമന്ത്രി നേരിട്ട് കണ്ട് അനുനയിപ്പിക്കാൻ നീക്കം നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.