തിരുവനന്തപുരം: ചപ്പാത്തിയ്ക്കും ചിക്കനും പിന്നാലെ ജയിലുകളില്‍ ബ്യൂട്ടിപാര്‍ലര്‍ സൗകര്യങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ഫ്രീഡം ലുക്ക്സ് എന്ന് പേരിട്ടിരിക്കുന്ന ബ്യൂട്ടിപാര്‍ലര്‍ നിര്‍മ്മിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്സ് പാസായിട്ടുള്ള ആറ് അന്തേവാസികളുടെ മേല്‍നോട്ടത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. 


ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. ജയിൽ വകുപ്പിന്‍റെ കീഴിൽ പുരുഷൻമാർക്കായി ആരംഭിച്ച ബ്യൂട്ടി പാർലറിന്‍റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിർവഹിച്ചു.


വിവിധതരം ഫേഷ്യൽ, ഹെയർ ഡ്രസ്സിങ്, ഫേഷ്യൽ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയർ കളറിങ് എന്നിവ ശീതീകരിച്ച റൂമിൽ മിതമായ നിരക്കിൽ ചെയ്ത് നൽകും. 


ഷേവിങ്, നഖം വെട്ടല്‍, മുടിമുറിക്കല്‍ എന്നിവ സ്വന്തമായി ചെയ്യാന്‍ കഴിയാത്ത വൃദ്ധജനങ്ങള്‍ക്ക് ഈ സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. ആദ്യഘട്ടത്തിൽ സേവനം പുരുഷന്മാർക്ക് മാത്രമാണെങ്കിലും വൈകാതെ ലേഡീസ് ബ്യൂട്ടി പാർലറും തുറക്കുമെന്ന് ആർ ശ്രീലേഖ ഐപിഎസ് പറഞ്ഞു. 


കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൂജപ്പുര കരമന റോഡിൽ പരീക്ഷ ഭവനോട് ചേർന്നാണ് ഫ്രീഡം ലുക്ക്സ് പാർലർ. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ഇതിന്‍റെ പ്രവര്‍ത്തനം.