Covid മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി ബെവ്കോ
മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ബിവറേജസ് കോർപ്പറേഷന്റെ നടപടി
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരമായി ജീവനക്കാർക്ക് സർക്കുലർ നൽകി. മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ബിവറേജസ് കോർപ്പറേഷന്റെ നടപടി.
ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ ബെവ്കോ വ്യക്തമാക്കി. ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ: ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെന്‍റ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിന്‍റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം.
കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു. അതിർത്തികളിലും നഗരത്തിലും വലിയ തിരക്കുണ്ടെന്ന് ബെവ്കോ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
മദ്യശാലകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ രൂക്ഷവിമർശനമാണ് സർക്കാരിനെതിരെയും ബിവറേജസ് കോർപ്പറേഷന് എതിരെയും ഹൈക്കോടതി നടത്തിയത്. നിലവിൽ രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിൽ അഞ്ഞൂറിലധികം പേര്‍ ക്യൂ നില്‍ക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു സാമൂഹിക അകലവും പാലിക്കാതെയുള്ള മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ചോദ്യം. ഹൈക്കോടതി പരിസരത്തെ ബെവ്കോ ഔട്ട്‍ലെറ്റിന് മുന്നിൽപോലും വൻ ആൾക്കൂട്ടമാണ്. ബെവ്കോയുടെ നിസ്സഹായാവസ്ഥയല്ല, ജനങ്ങളുടെ ആരോഗ്യമാണ് കോടതിയ്ക്ക് പ്രാധാന്യമെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കല്യാണത്തിനും മരണത്തിനും 20 പേരെ മാത്രം അനുവദിക്കുമ്പോള്‍ മദ്യക്കടകളിലെ ക്യൂവില്‍ കണക്കില്ലാത്ത ആൾക്കൂട്ടമാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകില്ലെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. മദ്യക്കടകള്‍ക്ക് മുന്നിലുള്ള ആൾക്കൂട്ടങ്ങൾക്ക് മൗനാനുവാദം നല്‍കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തെ മദ്യവില്‍പന ബെവ്കോയുടെ കുത്തകയാണ്. എന്നാൽ മദ്യം വാങ്ങാനെത്തുന്നവരുടെ അന്തസ്സിന് ബെവ്കോ ഒരു പരിഗണനയും നൽകുന്നില്ല. എന്തോ നിരോധിത വസ്തു വിൽപ്പന നടത്തുകയാണെന്ന രീതിയിലാണ് മദ്യ വിൽപ്പനയെന്നും കോടതി കുറ്റപ്പെടുത്തി. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജസ് കോർപ്പറേഷന്‍ ഔട്ട്ലെറ്റിലെ ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെതിരെയും ബിവറേജസ് കോർപ്പറേഷന് എതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA