കൊറോണ: കേരളം ജാഗ്രതയില്‍, മാര്‍ഗ നിര്‍ദേശങ്ങള്‍...
ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ പടര്രുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.
തിരുവനന്തപുരം: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ പടര്രുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.
വൈറസ് ബാധയില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നതെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
കൂടാതെ, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉൗര്ജിതമാക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്കി.
സുരക്ഷാ കവചങ്ങള്‍, കൈയുറ, മാസ്ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്സിഎലിനെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാംപിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍:
1. ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണ്. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (ഗൈഡ്ലൈന്‍) പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം.
2. മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാണ്ടതാണ്. മാസ്ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
3. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.