മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം തിയറ്ററുകളിൽ മാത്രമല്ല, സോഷ്യൽ മീഡിയ ചർച്ചകളിലും ആറാടുകയാണ്. ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും വിലയിരുത്തിയുമുള്ള നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പലരും പല തരത്തിലുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച, ചിത്രം ക്രൈസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. ചിത്രത്തിൽ മനപൂർവ്വം ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പലതും കൂട്ടിച്ചേർത്തെന്നും ചരിത്രത്തിൽ തന്നെ ഇടം നേടിയ ചില ക്രൈസ്തവ കുടുംബങ്ങളുടെ പേരുകൾ സിനിമയിൽ ഉൾപ്പെടുത്തിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ മലയാള സിനിമയിൽ ക്രൈസ്തവരെ അവഹേളിക്കുന്ന രീതിയിലുള്ള പല കാര്യങ്ങളും ഉൾക്കൊള്ളിക്കുന്നതായും വിമർശകർ ചൂണ്ടിക്കാട്ടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീഷ്മ പർവ്വത്തിലെ ക്രൈസ്തവ വിരുദ്ധത


ലത്തീൻ കത്തോലിക്കാ സഭയിലെ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവർ സ്ഥാനമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പരമ്പരാഗതമായി ക്രൈസ്തവരായി ജീവിക്കുന്നവരുടെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിൽ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട പലതും ചർച്ച ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികളായി സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള പലരും തിന്മ ചെയ്യുന്നവരാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്. ലത്തീൻ കത്തോലിക്കാ സഭാ വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന എഴുനൂറ്റിക്കാർ, അഞ്ഞൂറ്റിക്കാർ, ഇരുനൂറ്റിക്കാർ  എന്നിവർക്ക് സമാനമായാണ് അഞ്ഞൂറ്റിയെന്ന കുടുംബ പേരെന്നതാണ് മറ്റൊരു അക്ഷേപം. നീനു-കെവിൻ കേസ്, കൊട്ടിയൂർ പീഡന കേസ് തുടങ്ങിയവയെ ചിത്രത്തിൽ സാന്ദർഭികമായി പരാമർശിക്കുന്നുണ്ട്. ഇരു കേസുകളിലും സഭയും ക്രൈസ്തവ സമൂഹവും പൊതുസമൂഹത്തിൽ വലിയ വിമർശനം നേരിട്ടിരുന്നു.


ക്രൈസ്തവരെ മനപൂർവം മോശക്കാരാക്കുന്നു


സിനിമയിൽ ക്രൈസ്തവ കഥാപാത്രങ്ങൾ പുകവലിയും മദ്യപാനവും പരസ്ത്രീബന്ധവും സ്വവർഗപ്രണയവും ഉള്ളവരാണെന്ന് ചിത്രീകരിച്ചെന്ന് വിമർശകർ പറയുന്നു. എന്നാൽ ഇസ്ലാം മത വിശ്വാസികളെ ദൈവഭക്തിയുള്ളവരായും ധാർമികതയുടെ പ്രതീകങ്ങളായും മതതേതരായും ചിത്രീകരിക്കുന്നുവെന്നും വിമർശകർ സൈബർ ഇടങ്ങളിൽ പറയുന്നു. ക്രൈസ്തവർ  മോശക്കാരാണെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിനുള്ള അജണ്ടയാണ് ചിത്രത്തിലൂടെ നടപ്പാക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ മലയാള സിനിമയിൽ പതിവാണെന്നുമാണ് പരാതിക്കാരുടെ പക്ഷം.


സഭയും സിനിമയും


അടുത്തിടെ പുറത്തിങ്ങിയ ജൂഡ് ആന്റണി ചിത്രം സാറാസും സഭയുടെ അതൃപ്തിക്കും വിമർശനങ്ങൾക്കും വിധേയമായിരുന്നു. ഗർഭഛിദ്രത്തെ മഹത്വീകരിക്കുന്ന നിലപാടാണ് സിനിമ മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ ഒരുവിഭാഗം മോഹൻലാലിന്റെ ബ്രോ ഡാഡിയെ പുകഴ്ത്താനും മറന്നില്ല. കാവൽ എന്ന സുരേഷ് ഗോപി ചിത്രത്തിലെ വില്ലനും വൈദികനായിരുന്നു.  ദേവാലയത്തെ കൊലപാതകത്തിനുള്ള വേദിയാക്കിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സിനിമകളിൽ ക്രൈസ്തവ വിരുദ്ധത കൂടുന്നതായി ആരോപിച്ച് പള്ളികൾ സിനിമ ചിത്രീകരണത്തിന് വിട്ടുനൽകേണ്ടതില്ലെന്ന തീരുമാനം വരെ കത്തോലിക്ക സഭാ നേതൃത്വം കൈക്കൊണ്ടു.


ക്രൈസ്തവ-മുസ്ലീം ദ്രുവീകരണം അടുത്തിടെ കൂടുന്നതായി പലകോണുകളിൽ നിന്നും വിമർശനം ഉണ്ടായതിന് പിന്നാലെയാണ് സിനിമകളിലെ കഥാപാത്രങ്ങളുടെ പേരിലുള്ള ചേരിതിരിവും. പൊളിറ്റിക്കൽ ഇസ്ലാം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ക്രൈസ്തവ അവഹേളനമെന്ന് വിമർശിക്കുന്നവരെയും സൈബർ ഇടങ്ങളിൽ കാണാം. പല ക്രിസ്ത്യൻ ഭക്തി ചാനലുകളിലും ഭീഷ്മ പർവ്വത്തെ എതിർത്ത് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വരെ ചെയ്തു. കെസിബിസി ജാഗ്രത ന്യൂസിലും സിനിമയെ വിമർശിച്ച് ലേഖനം വന്നു. എന്നാൽ സിനിമയെ ആ രീതിയിൽ മാത്രം കണ്ടാൽ മതിയെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.