ന്യൂഡൽഹി: സംസ്ഥാനത്ത് ഇനി മുതൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടു വരാൻ സാധിക്കുന്ന പുതിയ നിയമത്തിന് കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം.  ഉടമസ്ഥാവകാശമുള്ള ആനകളെ കൈമാറ്റം ചെയ്യാനുള്ള പുതിയ ചട്ടത്തിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരുടെ അനുമതിയോടെ ഇനി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്ക് എത്തിക്കാനാവും.ആനയെ രജിസ്റ്റർ ചെയ്തത് എവിടെയാണ് അവിടുത്തെ ഡെപ്യൂട്ട് കൺസർവേറ്റർ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷ പരിഗണിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നിലവിലുള്ള ആനകളുടെ എണ്ണത്തിൽ കുറവ് വന്നത് മൂലം ഭാവിയിൽ ഉത്സവങ്ങൾക്കടക്കം ആനകളെ കിട്ടില്ലെന്ന് കാണിച്ച് പല ക്ഷേത്രങ്ങളും സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിലടക്കം വിഷയം ചർച്ച ചെയ്യുകയും നിയമത്തിന് അം​ഗീകാരം നൽകുകയും ചെയ്തു. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പുതിയ നിയമങ്ങൾ ഇതിൽ ഏറ്റവും പ്രധാനം കൈമാറ്റം ചെയ്യുന്ന ആനക്ക് നിർബന്ധമായും ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം എന്നതാണ്.


1977-ൽ വനം വകുപ്പ് സംസ്ഥാനത്ത് ആന പിടുത്തം നിർത്തിയതോടെ സർക്കാർ നേരിട്ട് നടത്തിയിരുന്ന ആനകളുടെ ലേലവും അവസാനിപ്പിച്ചു. 2007-ൽ കേരളത്തിൽ ആനകളെ വിൽക്കാനും വാങ്ങാനും പാടില്ലെന്ന് സംസ്ഥാന ഹൈക്കോടതിയും ഉത്തരവിട്ടതോടെ ആനകളുടെ കൈമാറ്റം അവസാനിച്ചിരുന്നു. 


2003-ലെ എലഫൻറ് മാനേജ്മെൻറ് നിയമ പ്രകാരം ആനകളെ കേരളത്തിലേക്ക് എത്തിക്കാൻ കഴിയില്ലായിരുന്നു. നിലവിൽ കേരളത്തിലുള്ള ആനകളിൽ ഭൂരിഭാഗവും, ആസാം, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ആനകളാണ്. ഇവിടെ നിന്നും ഉടമസ്ഥർ പലരും ലേലം ചെയ്താണ് ആനകളെ വാങ്ങിയിരുന്നത്.


കേരളത്തിൽ ഇനി ബാക്കി


സംസ്ഥാനത്തെ വനം വകുപ്പിൻറെ കണക്ക് പ്രകാരം 390 നാട്ടാനകളാണ് ഇനി കേരളത്തിലുള്ളത്. ഇതിൽ 76 എണ്ണം പിടിയിയാനകളാണ്. ഇതിൽ തന്നെ ആനകൾക്ക് ഏറ്റവും അധികം ആവശ്യക്കാരുള്ള ഉത്സവ സീസണിൽ ആനകളിൽ 25 എണ്ണമെങ്കിലും നീര് കാലത്തിലേക്ക് പ്രവേശിക്കും, ശരാശരി 90 ദിവസമെങ്കിലും നീര് കാലം കണക്കാക്കിയാൽ ഇവയിൽ പല ആനകളെയും എഴുന്നള്ളിക്കാൻ പറ്റില്ല. 


അങ്ങിനെ വന്നാൽ 260 ആനകൾ മാത്രമായി ഉത്സവാവശ്യങ്ങൾ ചുരുങ്ങും. 2023-ൽ മാത്രം കേരളത്തിൽ 18 ആനകൾ ചെരിഞ്ഞിട്ടുണ്ട്. എരണ്ടക്കെട്ട്, പാദരോഗം തുടങ്ങിയ രോഗങ്ങൾ ആനകളെ വിടാതെ പിന്തുടരുന്നതിലും ഉടമസ്ഥർക്ക് ആശങ്കയുണ്ട്. നിലവിൽ സംസ്ഥാനത്തുള്ള ഏറ്റവും വലിയ ആന പന്തി ഗുരുവായൂർ ദേവസ്വത്തിൻറേതാണ് എന്നാൽ പുന്നത്തൂർ കോട്ടയിൽ ഇപ്പോഴുള്ളത് വെറും 40 ആനകൾ മാത്രമാണ്. 
കേരളത്തിലെ സ്വകാര്യ ആന പന്തികളായ പുത്തൻകുളം, ചെർപ്പുളശ്ശേരി (എസ് കെ ഗ്രൂപ്പ്), മംഗലാംകുന്ന് തുടങ്ങിയിടങ്ങളിലും ആനകൾ കുറവാണ്. പല ആനകൾക്കും പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ കൂടി ആകുന്നതോടെ പ്രശ്നം ഗുരുതരമാകുന്നു.


സ്റ്റാറുകൾക്ക് ആവശ്യക്കാരേറെ


ആന പ്രേമികളുടെ ഇടയിലെ സ്റ്റാ‍റുകളായ കൊമ്പൻമാർക്ക് ആവശ്യക്കാ‍ർ ഏറെയായതോടെ തിടമ്പാനകളെ പലപ്പോഴും വലിയ ലേലത്തിലാണ് ഉത്സവ കമ്മിറ്റിക്കാർ ഏറ്റെടുക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, ചിറക്കൽ കാളിദാസൻ, തൃക്കടവൂ‍ർ ശിവരാജു, പുതുപ്പള്ളി കേശവൻ തുടങ്ങി ആന പ്രേമികളിലെ മോഹ വിലക്കാർ നിരവധിയാണ്. എന്നാൽ വനം വകുപ്പ് നി‍ർദ്ദേശമുള്ളതിനാൽ ആഴ്ചയിൽ നാല് എഴുന്നെള്ളിപ്പ് മാത്രമെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സാധിക്കൂ.  കഴിഞ്ഞ സീസണിൽ 6 ലക്ഷത്തിലധികം ഒറ്റ എഴുന്നെള്ളിപ്പിന് നൽകി കരാർ വാങ്ങിയ കമ്മിറ്റിക്കാർ വരെ തൃശ്ശൂരുണ്ട്. തൃക്കടവൂർ ശിവരാജുവിനും ഇത്തരത്തിൽ റെക്കോ‍ർഡ് ലേലത്തുക മുൻപ് ലഭിച്ചിട്ടുണ്ട്.


കുറഞ്ഞത് 100 പരിപാടികളാണ് മറ്റുള്ള കൊമ്പൻമാർക്ക് സീസണിലുള്ളത്. അത് കൊണ്ട് തന്നെ തിടമ്പാനകൾക്ക് ലേലമല്ലാതെ മറ്റ് വഴികളും ഇല്ല. ഇത് ആനകളുടെ വിശ്രമക്കുറവിന് വരെ കാരണമാകും. പുതിയ നിയമം വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കും ഒരു പരിധിവരെ ആശ്വാസമാകുമെന്നാണ് ഉടമസ്ഥരുടെയും പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.