ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനമൊഴിഞ്ഞു. കാത്തലിക് ബിഷപ്പ് കോര്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. റോമില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥാനമാനമൊഴിയല്‍ എന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വെള്ളിയാഴ്ച കൈപ്പറ്റിയിരുന്നു. അതനുസരിച്ച് ഈ മാസം 19ന് കേരളത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണ൦. ഇതേതുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി തുടരേണ്ടതില്ലെന്ന തീരുമാനം കര്‍ദിനാള്‍മാരുടെ ഒമ്പതംഗ സമിതി കൈക്കൊണ്ടത്. 


ലത്തീന്‍സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇതെന്നും ഫ്രാങ്കോയ്ക്കെതിരെ അന്വേഷണം തുടരുന്നതിനാലുംഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലും ജലന്ധര്‍ രൂപതയുടെ അധികാരപരിധിയില്‍ അദ്ദേഹം തുടരേണ്ടെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍  സ്ഥാനമൊഴിയുന്തുമായി ബന്ധപ്പെട്ട് സി.ബി.സി.ഐ അദ്ധ്യക്ഷന്‍ ഓസ്വേള്‍ട് ഗ്രാഷ്യസ് അറിയിച്ചത്. 


അതേസമയം, പീഡനപരാതിയില്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ ഇടപെടുന്നതായി സൂചനയുണ്ടായിരുന്നു. ബിഷപ്പിനോട് അധികാരസ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നും രണ്ട് ദിവസത്തിനകം നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ പീഡന കേസ് സംബന്ധിച്ച് കേരള സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിരുന്നു. 


ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട മറ്റ് 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നത്. 


അതേസമയം, ബിഷപ്പ് അധികാരമൊഴിഞ്ഞ സ്ഥിതിയ്ക്ക് ജലന്ധര്‍ രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തും. ഫാ.മാത്യു കോക്കണ്ടത്തിന് ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതല നല്‍കി. അന്വേഷണത്തിന്‍റെ ഫലം അറിയുന്നത് വരെയാണ് മാറ്റം.


അതേസമയം, എല്ലാം ദൈവത്തിന് കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ അഭ്യര്‍ഥിച്ചു.


ബുധനാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.